r-thanka
രാമവർമ്മപുരത്തെ അഗതിമന്ദിരത്തിൽ കഴിയുന്ന തങ്കയും (മദ്ധ്യത്തിൽ)​ സഹോദരങ്ങളും

തൃശൂർ: ''ചെറിയ ഷെഡ്ഡായാലും മതി. ഒരു ദിവസമെങ്കിലും സ്വന്തം വീട്ടിൽ അന്തിയുറങ്ങിയിട്ട് മരിക്കണം.'' മൂന്ന് വൃദ്ധ സഹോദരങ്ങളുടെ അഭിലാഷമാണിത്. ഓർമ്മശക്തി വിട്ടകന്ന രാമുവും (82), സംസാരശേഷിയില്ലാത്ത അമ്മിണിയും (64), ഇവർക്ക് തുണയായ തങ്കയും (75) തൃശൂർ രാമവർമ്മപുരത്തെ അഗതി മന്ദിരത്തിൽ കണ്ണീർ വറ്റി കാത്തിരിക്കുന്നു.

ജനിച്ചു വളർന്ന പഴയൊരു വീട് വരന്തരപ്പിള്ളി നന്തിപുലത്ത് ഇവർക്കുണ്ടായിരുന്നു. ആഗസ്റ്റിലെ പെരും പ്രളയം ഒരു കരുണയുമില്ലാതെ അത് തുടച്ചെടുത്തു കളഞ്ഞു. പിന്നെ മാറിമാറി മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ. അവസാന ക്യാമ്പും പിരിച്ചുവിട്ടപ്പോഴാണ് അഗതി മന്ദിരം ശരണമായത്.

നന്തിപുലത്ത് കൃഷ്ണന്റെയും കുഞ്ഞിയുടെയും അഞ്ചു മക്കളിൽ ഇവർ മൂവരുടെയും വിവാഹം നടന്നില്ല. കൃഷ്ണൻ 35 കൊല്ലം മുമ്പും കുഞ്ഞി 15 കൊല്ലം മുമ്പും മരിച്ചു. കുടുംബമായി മാറിക്കഴിയുന്ന മറ്റ് സഹോദരങ്ങളായ അപ്പുവും കുഞ്ഞുകൃഷ്ണനും സഹായിക്കുമായിരുന്നു. അപ്പു കഴിഞ്ഞ ആഴ്ച മരിച്ചു. കുഞ്ഞുകൃഷ്ണൻ രോഗശയ്യയിലുമായി.

പ്രളയജലം രാത്രി ഇരച്ചെത്തുമ്പോൾ കാര്യമറിയാതെ ഇവർ വീട്ടിലായിരുന്നു. അയൽവാസികളിൽ ചിലരാണ് രക്ഷിച്ചത്. കസേരയിൽ കമ്പ് വച്ചുകെട്ടി ഇരുത്തി ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചു. ദിവസങ്ങൾക്ക് ശേഷം ക്യാമ്പ് വിട്ട് മറ്റുള്ളവർ സ്വന്തം വീടുകളിലേക്ക് പോയി. വീട് നഷ്ടപ്പെട്ട വിവരം അറിയിച്ചെങ്കിലും ഇവർ വിശ്വസിച്ചില്ല. ഒടുവിൽ നാട്ടുകാർ വീടുണ്ടായിരുന്ന സ്ഥലത്തെത്തിച്ചപ്പോഴാണ് യാഥാർത്ഥ്യം ഉൾക്കൊണ്ടത്. 25 സെന്റ് പറമ്പിനു നടുവിലുണ്ടായിരുന്ന കുടുംബ വീടിന്റെ അസ്ഥിവാരം മാത്രം ബാക്കി.

മൂന്നു പേരുടെയും സംരക്ഷണം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് വില്ലേജ് ഓഫീസറും നാട്ടുകാരും അടുത്ത ബന്ധുക്കളെ സമീപിച്ചെങ്കിലും തയ്യാറായില്ല. തുർന്നാണ് അഗതി മന്ദിരത്തിലാക്കിയത്.

വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് അംഗം ജയശ്രീയുടെ നേതൃത്വത്തിൽ ചില സുമനസുകൾ വൃദ്ധ സഹോദരങ്ങൾക്ക് ചെറിയൊരു കൂര വച്ചുനൽകാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്. സർക്കാർ ഫണ്ട് നേടിയെടുക്കാനും ശ്രമിക്കുന്നുണ്ടെന്ന് ജയശ്രീ പറഞ്ഞു