തൃശൂർ: കിഴക്കുംപാട്ടുകരയിലെ കനറാ ബാങ്ക് എ.ടി.എം കവർച്ചയ്ക്ക് ശ്രമിച്ച കാസർകോട് സ്വദേശി മുഹമ്മദ് മെറൂഫ്, കോട്ടയം സ്വദേശി സനീഷ് എന്നിവരെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. എ.ടി.എം കൗണ്ടറിന്റെ പാനൽ കുത്തിപ്പൊളിക്കാൻ ഉപയോഗിച്ച കമ്പിപ്പാര സമീപത്തെ കാനയിൽ നിന്നും മോഷണ ശ്രമത്തിന് ഉപയോഗിച്ച കൈയ്യുറ പ്രതികൾ വാടകയ്ക്ക് താമസിച്ച കാളത്തോടിലെ വാടക വീട്ടിൽ നിന്നും അന്വേഷണ സംഘം കണ്ടെടുത്തു.
കൗണ്ടറിനുള്ളിൽ മോഷണശ്രമത്തിനിടെ ഒരാൾ മൊബൈൽ ഫോണിൽ സംസാരിച്ചിരുന്നു. ഇത് സി.സി. ടി.വി ദൃശ്യങ്ങളിൽ കാണാമായിരുന്നു. ഈ നമ്പറിന്റെ ഉടമയെ കണ്ടെത്താൻ സൈബർ സെൽ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മുഖംമൂടിയും കയ്യുറയും വാങ്ങിയത് കോതമംഗലത്ത് നിന്നാണ്. കമ്പിപ്പാര സംഘടിപ്പിച്ചത് കാളത്തോട് നിർമാണത്തിലിരിക്കുന്ന വീടിന്റെ മുറ്റത്ത് നിന്നായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ 36 മണിക്കൂറിനുള്ളിൽ പിടിയിലായത്. തൃശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തെ പഴം വിൽപ്പന കടയിലെ ജീവനക്കാരാണ് പ്രതികൾ. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കനറാ ബാങ്കിന്റെ എ.ടി.എം ശാഖയിൽ കവർച്ചാശ്രമം നടന്നത്. എസ്.ഐ ജയകുമാറിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്.
മുഖം മൂടിയശേഷം എ.ടി.എം കൗണ്ടറിനുള്ളിലെ വെളിച്ചം കെടുത്തിയായിരുന്നു മോഷണശ്രമം. എ.ടി.എം യന്ത്രത്തിന്റെ വാതിൽ കമ്പിപ്പാര ഉപയോഗിച്ച് തുറക്കാൻ 15 മിനിറ്റാണ് ശ്രമിച്ചത്. വിജയിക്കാതെ വന്നതോടെ മടങ്ങി. എ.ടി.എം കൗണ്ടറിന് സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കൂട്ടുപ്രതിയുടെ ദൃശ്യങ്ങൾ ലഭിച്ചതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. മോഷണത്തിനു മുമ്പ് പരിസരം നിരീക്ഷിച്ചതും സി.സി.ടി.വി കാമറകളിൽ പതിഞ്ഞിരുന്നു. സഹോദരന്റെ ഭാര്യയുടെ പണയപ്പെടുത്തിയ സ്വർണം തിരിച്ചെടുക്കാൻ വീട്ടുകാരിൽ നിന്നും സമ്മർദ്ദമുണ്ടായപ്പോൾ പണം സംഘടിപ്പിക്കാൻ മെഹ്റൂഫിന്റെ മനസിൽ ഉദിച്ച പദ്ധതിയായിരുന്നു എ.ടി.എം കൊള്ളയെന്ന് പൊലീസ് പറഞ്ഞു.