തൃശൂർ: കേരളത്തിൽ എ.ടി.എം കവർച്ച അടക്കമുള്ള തട്ടിപ്പുകൾ നടത്തിയ ശേഷം സംഘങ്ങൾ ഇന്ത്യാ-ബംഗ്ളാദേശ് അതിർത്തി പ്രദേശങ്ങളിൽ തമ്പടിക്കുന്നത് കേസന്വേഷണത്തെ വഴിമുട്ടിക്കുന്നു. ഇന്ത്യയ്ക്ക് പുറത്ത് അന്വേഷണം നടത്തുന്നതിലുള്ള സാങ്കേതിക പ്രശ്നങ്ങളാണ് വിലങ്ങുതടിയാകുന്നത്. മൊബൈൽ ടവർ കേന്ദ്രീകരിച്ച് പ്രതികളെ പിടിക്കാനുള്ള ശ്രമങ്ങളും നടക്കില്ല. ബംഗാളിൽ നിന്നുള്ള നിർമ്മാണത്തൊഴിലാളികൾ എന്ന മറവിലാണ് കവർച്ചക്കാർ ബംഗ്ളാദേശിൽ കഴിയുന്നത്.

വ്യാജരേഖകൾ ചമച്ച് പാൻകാർഡ്, ആധാർ കാർഡ്, വോട്ടേഴ്‌സ് ഐ.ഡി, റേഷൻ കാർഡ് എന്നിവ അടക്കം ഇവർക്ക് ഉണ്ടാക്കും. വ്യാജരേഖകൾ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടുകൾ തുറക്കും. ഭീകരവാദ പ്രവർത്തനങ്ങൾക്ക് പോലും ഇത്തരം കവർച്ചക്കാർ സഹായം ചെയ്തുകൊടുക്കുന്നുണ്ടെന്ന് പറയുന്നു. നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്നവരെന്ന നാട്യത്തിൽ കഴിയുന്ന ഇവരെ കണ്ടെത്താൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വേണ്ടത്ര സഹായം ലഭിക്കാറില്ലെന്നും പൊലീസ് പറയുന്നു.

 കവർച്ചയുടെ ഹബ് ജാർഖണ്ഡ്

എ.ടി.എം., ബാങ്ക്, ജുവലറി കവർച്ചക്കാരുടെ കേന്ദ്രസ്ഥാനം ജാർഖണ്ഡാണ്. ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ പരിശീലനം അടക്കം അവിടെ ലഭിക്കുന്നുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ജാർഖണ്ഡിൽ അന്വേഷണത്തിനെത്തിയാൽ പൊലീസ് നട്ടം തിരിയുന്നതും പതിവാണ്. ഒരേ മുഖച്ഛായയും തിരിച്ചറിയൽ രേഖകൾ ഇല്ലാത്തതും പൊലീസിനെ വട്ടംകറക്കും. അവിടുത്തെ പൊലീസും കൈമലർത്തും. കേരളത്തിലെ കവർച്ച കഴിഞ്ഞാൽ വിജനമായ ഒളിസങ്കേതങ്ങളിൽ ഒന്നോ രണ്ടോ വർഷം കഴിഞ്ഞ ശേഷമാകും അവർ തിരിച്ചുവരിക. ആർഭാട ജീവിതം നയിച്ച ശേഷം വലിയൊരു വിഭാഗം ബംഗാൾ വഴി ബംഗ്ളാദേശിലേക്കും കടക്കും. ഒല്ലൂരിൽ പല തവണയുണ്ടായ ജൂവലറി കവർച്ചകളിൽ പിടിയിലായത് ജാർഖണ്ഡ് സ്വദേശികളായിരുന്നു. എ.ടി.എമ്മുകളിൽ പണം നിറയ്ക്കുന്ന ദിവസമാണ് ഇവർ കവർച്ചയ്ക്കുള്ള ഒരുക്കങ്ങൾ നടത്തുക. ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് കവർച്ച നടത്തുന്നതിനാൽ ദിവസങ്ങൾ കഴിഞ്ഞാണ് ബാങ്ക് ഉദ്യോഗസ്ഥർ പോലും പണം നഷ്ടപ്പെട്ട വിവരം തിരിച്ചറിയുക. പണവും സ്വർണ്ണവുമുള്ള വീടുകളും കണ്ടെത്തി കവർച്ച നടത്താനും ഇവർ മിടുക്കരാണ്.

 എത്ര ഇതരസംസ്ഥാനക്കാരെന്ന് ആർക്കറിയാം?

ജില്ലയിൽ നിർമ്മാണമേഖല മുതൽ കൃഷി വരെയുള്ള വിവിധ തൊഴിലിടങ്ങളിൽ എത്ര ഇതരസംസ്ഥാനക്കാരുണ്ടെന്ന് സാമൂഹിക ക്ഷേമവകുപ്പിനോ ലേബർ ഒാഫീസിനോ പൊലീസിനോ യാതൊരു പിടിയുമില്ല. തൊഴിൽ ഉടമകൾ ഭൂരിഭാഗവും ലേബർ ഒാഫീസുകളിൽ ഇവരുടെ വിവരം നൽകാനും തയ്യാറാകുന്നില്ല. അതുകൊണ്ടു തന്നെ കുറ്റകൃത്യങ്ങളുണ്ടാകുമ്പോൾ പ്രതികളെ പിടികൂടാനും പ്രയാസമാണ്.