തൃശൂർ: കിഴക്കെക്കോട്ട ജംഗ്ഷൻ വികസനത്തിനു സ്വകാര്യഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് കോർപറേഷൻ കൗൺസിൽ യോഗത്തിൽ വാക്‌പോര്. മണിക്കൂറുകൾ നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിൽ സ്ഥലം ഉടമയ്ക്ക് തുക നൽകുന്നതു സംബന്ധിച്ചു നിയമാനുസൃത നടപടി സ്വീകരിക്കാൻ തീരുമാനിച്ചു. ഉടമയ്ക്ക് തുക നൽകണമെന്നു ഹൈക്കോടതി നിർദേശിച്ചിരുന്നു. മുൻമേയർ രാജൻ പല്ലന്റെ കാലത്ത് ഭൂവില നിർണയ തീരുമാനമെടുത്തതിന്റെ രേഖകൾ ലഭ്യമല്ലെന്നു പറഞ്ഞായിരുന്നു ഒന്നാമത്തെ അജൻഡയായി വിഷയം കൊണ്ടുവന്നത്. അന്വേഷിച്ചു റിപ്പോർട്ട് തയാറാക്കാൻ സെക്രട്ടറിയെ കഴിഞ്ഞ ജൂണിൽ ചുമതലപ്പെടുത്തിയിരുന്നു.
അതനുസരിച്ച് റിപ്പോർട്ട് തയ്യാറാക്കിയപ്പോഴാണ് വില നിർണയ സർട്ടിഫിക്കറ്റ്, രജിസ്‌ട്രേഷൻ നമ്പർ എന്നിവ ഫയലിൽ ലഭ്യമായിട്ടില്ലെന്നു രേഖപ്പെടുത്തിയത്. വിലനിർണയം നടത്തിയതിൽ അപാകമുണ്ടെന്നു പറഞ്ഞാണ് ഭരണപക്ഷം ചർച്ചയിൽ പങ്കെടുത്തത്. കോടതി വിധിപ്രകാരമുള്ള തുക നൽകണമെന്നു കോൺഗ്രസ് അംഗങ്ങൾ വാദിച്ചു. പുതിയ ഭരണസമിതി നടത്തിയ വിലനിർണയം ആദ്യം തീരുമാനിച്ചതിനേക്കാൾ 11.62 ലക്ഷം രൂപ കുറവാണെന്നു ചൂണ്ടിക്കാട്ടിയതോടെ ചർച്ച ചൂടുപിടിച്ചു.
അതേസമയം 2015 മേയ് 30ന് കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ കിഴക്കെകോട്ട വികസനത്തിന് സെന്റ് ഒന്നിന് 17.5 ലക്ഷം രൂപ വില നൽകി സ്ഥലം ഏറ്റെടുക്കാൻ തീരുമാനിച്ചിരുന്നു. അന്നത്തെ സെക്രട്ടറി സെന്റ് ഒന്നിന് 17.5 ലക്ഷം രൂപ നിരക്കിൽ കരാർ ഒപ്പുവച്ചിട്ടുണ്ട്. പുതിയ ഭരണസമിതി വന്ന് തുക ലഭ്യമാക്കാൻ കാല താമസമുണ്ടായതോടെ സ്ഥലം ഉടമ കോടതിയെ സമീപിച്ചു. കളക്ടറുടെ നിർദേശമനുസരിച്ച് തഹസിൽദാർ നിശ്ചയിച്ച വില സെന്റ് ഒന്നിന് 11,90000 രൂപയാണ്.

റോസമ്മ പോളിൽ നിന്ന് കിഴക്കെകോട്ട ജംഗ്ഷനിൽ 2.248 സെന്റ് സ്ഥലമാണ് ഏറ്റെടുത്തിരുന്നത്. മുൻനിശ്ചയപ്രകാരമാണെങ്കിൽ 11,62,320 രൂപ കൂടി അധികം നൽകണം. ഈ വ്യത്യാസം പ്രശ്‌നമായാൽ 2014 ലെ കൗൺസിലർമാർക്കാണ് ബാദ്ധ്യതയെന്ന് സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഈ റിപ്പോർട്ട് വികസനവിരുദ്ധമാണെന്നു എ. പ്രസാദ് പറഞ്ഞു. ലാലി ജയിംസ്, വർഗീസ് കണ്ടംകുളത്തി, സുബി ബാബു, എം.കെ. മുകുന്ദൻ, പി. കൃഷ്ണൻകുട്ടി, ജോൺ ഡാനിയൽ, എം.എൽ. റോസി, എ. പ്രസാദ്, ഫ്രാൻസിസ് ചാലിശേരി, അനൂപ് ഡേവിസ് കാട, പ്രേംകുമാർ, ടി.ആർ. സന്തോഷ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.


 ശബരിമല വിഷയത്തിൽ ബി.ജെ.പി പ്രമേയം

ശബരിമലയിൽ ആചാരങ്ങൾ തകർക്കാനുള്ള നീക്കത്തിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരും പിന്മാറണമെന്നാവശ്യപ്പെട്ട് കൗൺസിലിൽ ബി.ജെ.പി പ്രമേയം. കോടാനുകോടി ഭക്തരുടെ വിശ്വാസങ്ങളെ തകർക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് പ്രമേയത്തിൽ കുറ്റപ്പെടുത്തി. കെ. മഹേഷും പൂർണിമ സുരേഷും ചേർന്നാണ് വിഷയം അവതരിപ്പിച്ചത്. ഭരണപക്ഷം എതിർക്കുകയും കോൺഗ്രസ് നിശബ്ദത പാലിക്കുകയും ചെയ്തതോടെ പ്രമേയം തള്ളി.