ചാലക്കുടി: രണ്ടു വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിച്ച കൊരട്ടി എസ്.ഐക്കും പൊലീസുകാർക്കും എതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ. കൊരട്ടി പള്ളി റോഡിൽ വച്ചും സ്റ്റേഷനിൽ എത്തിച്ചും കോളേജ് വിദ്യാർത്ഥികളായ അമൻ, ആഷിഷ് എന്നിവരെ പ്രാകൃത രീതിയലാണ് പൊലീസ് തല്ലിച്ചതച്ചതെന്ന് ഭാരവാഹികൾ ആരോപിച്ചു.

കഴിഞ്ഞ ഞായറാഴ്ച കൊരട്ടിപ്പള്ളി തിരുനാളിന്റെ എട്ടാമിടത്തിൽ വച്ചായിരുന്ന സംഭവം. റോഡിൽ സഞ്ചാര തടസമുണ്ടാക്കി കിടന്ന ഭിന്നശേഷിക്കാരനായ യാചകനെ മർദ്ദിച്ചുമാറ്റിയെ എസ്.ഐയെ അമനും ആഷിഷും ചോദ്യം ചെയ്തു. ഇതേത്തുടർന്നായിരുന്നു ഇരുവർക്കും നേരെയുള്ള മർദ്ദനം. സംഭവ സ്ഥലത്തുവച്ച് അടിച്ച ഇവരെ ജീപ്പിൽ കയറ്റിയശേഷം ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് ആക്‌ഷൻ കൗൺസിൽ ഭാരവാഹികൾ പറഞ്ഞു. എസ്.ഐ: സുബീഷ്‌മോൻ ഇതിനു മുമ്പ് ഇരുന്ന സ്റ്റേഷനുകളിൽ പൊതുജനത്തിനു നേരെ ഇത്തരം ക്രിമിനൽ സ്വഭാവം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഇവർ ആരോപിച്ചു.

മുഖ്യമന്ത്രി ഡി.ജി.പി എന്നിവർക്ക് ഇതുസംബന്ധിച്ച് പരാതികൾ നൽകിയിട്ടുണ്ട്. ശനിയാഴ്ച കൊരട്ടിയിൽ വിദ്യാർത്ഥികളുടെയും സാംസ്‌കാരിക സംഘടനകളുടെയും കൂട്ടായ്മയും സംഘടിപ്പിച്ചിട്ടുണ്ടെന്നും ഇവർ പറഞ്ഞു. ചെയർമാൻ വി.ഡി. തോമസ്, കൺവീനർ എം.ഐ. പൗലോസ്, അമന്റെ പിതാവ് പി.എസ്. സാജൻ, പൊതുപ്രവർത്തകൻ എൻ.പി. ജോൺസൻ എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.