വടക്കാഞ്ചേരി: ജനകീയ പ്രതിഷേധങ്ങൾക്കൊടുവിൽ നിദ്രാ വനം പ്രവർത്തന സജ്ജം. പുതിയ കരാറുകാരനെ നിയമിച്ച് നടത്തിപ്പവകാശം കൈമാറി. പാമ്പാടിയും ചെറുതുരുത്തിയും ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ശ്മശാനം നടത്തി പരിചയമുള്ള രവിചന്ദ്രനാണ് ശ്മശാനം രണ്ടു വർഷത്തേക്ക് കരാർ എടുത്തിരിക്കുന്നത്.

പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ശ്രീജ താക്കോൽ കൈമാറി. പഞ്ചായത്ത് അംഗം സുജാത ശ്രീനിവാസൻ, വി.ജി. സുരേഷ്, പഞ്ചായത്ത് സെക്രട്ടറി അംബിക, വികസന സ്ഥിരം സമിതി അദ്ധ്യക്ഷ പുഷ്പലത തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്തിൽ ഒരു ശ്മശാനം എന്ന മുൻ സർക്കാരിന്റെ തീരുമാനപ്രകാരമാണ് വിരുപ്പാക്കയിൽ മച്ചാട് വനത്തിനോട് ചേർന്ന സ്ഥലത്ത് വാതകശ്മശാനം നിർമ്മിച്ചത്. രണ്ട് മൃതദേഹങ്ങൾ ഒരേ സമയം സംസ്‌കരിക്കാൻ കഴിയുന്നതായിരുന്നു പദ്ധതി.

2014 മാർച്ച് 31ന് അന്നത്തെ സഹകരണ മന്ത്രി സി.എൻ. ബാലകൃഷ്ണനാണ് ശ്മശാനം ഉദ്ഘാടനം ചെയ്തത്. നിലവിൽ വീടുകളിൽ ആവശ്യത്തിന് ഭൂമി ഇല്ലാത്ത ഹൈന്ദവ സമുദായാംഗങ്ങൾ മൃതദേഹങ്ങൾ സംസ്‌കരിക്കാൻ കിലോമീറ്ററുകൾ താണ്ടി ഭാരതപ്പുഴയോരത്തേക്കോ, മറ്റ് പ്രദേശങ്ങളിലേക്കോ കൊണ്ടുപോകേണ്ട അവസ്ഥയിലായിരുന്നു. പൊതുശ്മശാനം ആരംഭിച്ചതോടെ ഇതിന് പരിഹാരമായി.