shaji-panchayath-secretar

പാവറട്ടി: പാവറട്ടി പഞ്ചായത്ത് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ . മുല്ലശ്ശേരി താണവീഥി തണ്ടാശ്ശേരി പരേതനായ ഹരിദാസൻ മാസ്റ്ററുടെ മകൻ ഷാജിയെ (52) ആണ് ദുരൂഹ സാഹചര്യത്തിൽ പറപ്പൂർ മുള്ളൂർ കായലിനടുത്ത് പാലമരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ബുധനാഴ്ച വൈകിട്ട് ഇരുചക്ര വാഹനത്തിൽ വീട്ടിൽ നിന്നിറങ്ങവെ വീടിനടുത്തുവച്ച് സൈക്കിളിൽ തട്ടി യാത്രക്കാരന് പരിക്കേറ്റിരുന്നു. സൈക്കിൾ യാത്രക്കാരനെ പാവറട്ടി സാൻജോസ് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകാൻ പ്രവേശിപ്പിച്ചശേഷം ഷാജിയുടെ മൊബൈൽ സ്വിച്ച് ഓഫ് ആവുകയായിരുന്നു. പിന്നീട് കാണാതായി. നീല ഷർട്ടും കാപ്പികളർ പാന്റുമായിരുന്നു വേഷം. ഷർട്ടിലെ വലത്തെ കൈയിൽ ചെളി പുരണ്ടിരുന്നു. പാവറട്ടി പഞ്ചായത്ത് സെക്രട്ടറി ആയിരിക്കേ കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് യു.ഡി.എഫ് ഭരണസമിതിയുമായി തർക്കം നിലനിന്നിരുന്നു. ഒരു പഞ്ചായത്ത് ജനപ്രതിനിധി സെക്രട്ടറിയെ കൈയേറ്റം ചെയ്‌തെന്ന പരാതിയുമുണ്ടായി .ഈ വിഷയത്തിൽ പഞ്ചായത്ത് മേലാധികാരികൾ ഷാജിക്ക് ലീവ് അനുവദിക്കുകയോ ശമ്പളം ലഭ്യമാക്കുകയോ ചെയ്തിരുന്നില്ല.ഡി.ഡി ഓഫീസ് നിർദേശത്തെ തുടർന്ന് പാവറട്ടി പഞ്ചായത്തിൽ ചുമതല ഏറ്റെടുക്കാൻ ചെന്നപ്പോൾ അസിസ്റ്റന്റ് സെക്രട്ടറി ഉൾപ്പെടെയുള്ള ജീവനക്കാരും ഒരു വിഭാഗം ജനപ്രതിനിധികളും അനുവദിച്ചില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. മരണത്തിൽ ദുരുഹത ഉള്ളതായും ബന്ധുകൾ പറയുന്നു .