വടക്കാഞ്ചേരി: തലപ്പിള്ളി താലൂക്കിൽ 2018 ആഗസ്റ്റ് 16ന് ഉണ്ടായ മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലും മരണമടഞ്ഞ ആറു പേരുടെ നിയമപരമായ അവകാശികൾക്ക് ദുരന്തനിവാരണ ഫണ്ടിൽ നിന്നും നാലു ലക്ഷം രൂപ വീതം 24 ലക്ഷം രൂപ കൂടി ആശ്വാസ ധനസഹായമായി അനുവദിച്ചതായി തലപ്പിള്ളി താലൂക്ക് തഹസിൽദാർ അറിയിച്ചു, അവകാശികളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് തുക നിക്ഷേപിക്കുക. കുറാഞ്ചേരി ഉരുൾപൊട്ടൽ ഭുരന്തത്തിൽ മരണമടഞ്ഞ കന്നുകുഴിയിൽ മോഹനന്റെ നിയമപരമായ അവകാശിയായ പിതാവ് അയ്യപ്പൻ നായർക്ക് നാലു ലക്ഷം രൂപ, മുള്ളൂർക്കര പഞ്ചായത്തിൽ കാഞ്ഞിരശ്ശേരി കോണോത്തുമുക്കിൽ ഉണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരണമടഞ്ഞ മുള്ളൂർക്കര ചാക്യാട്ടിൽ എഴുത്തശ്ശൻ വീട്ടിൽ രാധാകൃഷ്ണന്റെ ഭാര്യ പാർവ്വതിക്ക് 2,40,000 രൂപയും മക്കളായ കൃഷ്ണപ്രിയ, കൃഷ്ണകൃപ എന്നിവർക്ക് 80,000 രൂപാ വീതവും നൽകും. ദേശമംഗലം കൊറ്റമ്പത്തൂരിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മരണമടഞ്ഞ പള്ളം മുണ്ടനാട്ട് സജീവിന്റെ നിയമപരമായ ആശ്രിതരായ ഭാര്യ രജിതയ്ക്ക് രണ്ട് ലക്ഷവും മക്കളായ യദുകൃഷ്ണൻ, ഋതു കൃഷ്ണൻ എന്നിവർക്ക് ഒരു ലക്ഷം രൂപ വീതവും അതുവദിച്ചിട്ടുണ്ട്.

കുറാഞ്ചേരി ഉരുൾപൊട്ടലിൽ മരണമടഞ്ഞ പീച്ചി, കണ്ണാറ കരുത്തി വീട്ടിൽ ബിനോജിന്റെ ഭാര്യ സൗമ്യ, മക്കളായ മെറിൻ, മിൽന എന്നിവരുടെ അവകാശികളായ ബിനോജ്, മകൻ മെൽബിനും കൂടി 12 ലക്ഷം രൂപയുമാണ് അനുവദിച്ചിട്ടള്ളത്. ഇതിൽ മരണപ്പെട്ട മെറിൻ, മിൽന എന്നിവരുടെ അവകാശിയായ പിതാവ് ബിനോജിന് എട്ടു ലക്ഷവും മരണപ്പെട്ട സൗമ്യയുടെ അവകാശി എന്ന നിലയിൽ ഭർത്താവ് ബിനോജിന് രണ്ടു ലക്ഷവും മകൻ മെൽബിന് രണ്ടു ലക്ഷം രൂപ വീതവുമാണ് നൽകിയത്. ദുരന്തത്തിൽ മരണമടഞ്ഞ ഏഴു പേരുടെ അവകാശികൾക്ക് 2018 സെപ്തംബർ 29ന് 28 ലക്ഷം രൂപ അനുവദിച്ചിരുന്നു. പ്രകൃതിദുരന്തത്തിൽ കുറാഞ്ചേരിയിൽ പത്തൊമ്പതും, ദേശമംഗലം കൊറ്റമ്പത്തൂരിൽ നാലും മുള്ളൂർക്കരയിൽ ഒരാളുമാണ് മരിച്ചത്. . .