r-saradha
ശാരദ പഠന ക്ളാസിൽ (വലത്തേയറ്റം)​

തൃശൂർ: പകൽ തൊഴിലുറപ്പ് ജോലി. വൈകിട്ട് വീട്ടുജോലി തീർത്ത് കുളിച്ചൊരുങ്ങി ബുക്കും പുസ്തകവുമെടുത്ത് ക്‌ളാസിലേക്ക്. 7.30 മുതൽ 9.30വരെ അനുസരണയുള്ള കുട്ടികൾ. തൃശൂർ പാറളം കിങ്ങിണിശേരി ഗാന്ധിനഗർ കോളനിയിലെ 11 സ്ത്രീകളുടെ ദിനചര്യ കുറച്ചു നാളായി ഇതാണ്. പലരും 50ന് മേൽ പ്രായമുള്ളവർ. പട്ടികജാതി വിഭാഗങ്ങളിലെ നിരക്ഷരത ഇല്ലാതാക്കാനുള്ള സാക്ഷരതാമിഷന്റെ 'നവചേതന" പദ്ധതിയിലെ പഠിതാക്കളാണിവർ.

ഇനിയെന്ത് പഠിക്കാനെന്ന് കളിയാക്കുന്നവർക്ക് കൂട്ടത്തിലെ 63കാരി ശാരദ ചുട്ട മറുപടി നൽകും. ''വെറുതേ പണിയെടുത്തിട്ടെന്താ കാര്യം. അന്തസായി ജീവിക്കണേൽ കണക്കൊക്കെ കൂട്ടേണ്ടേ. പത്രം വായിച്ച് ലോകകാര്യമറിയേണ്ടേ. വിയർപ്പൊഴുക്കി കിട്ടുന്ന കാശ് കണ്ടവർ കൊണ്ടുപോകാൻ ഇനി വിടില്ല.''.

ശാരദയുടെ രോഷത്തിന് കാരണമുണ്ട്. കണക്ക് കൂട്ടാനറിയാത്തതിനാൽ ശാരദയെ ഓട്ടോറിക്ഷാ ഡ്രൈവർമാരും കച്ചവടക്കാരുമൊക്കെ പറ്റിച്ചിട്ടുണ്ട്. ഇതിനൊരു മാറ്റം വരുത്തുകയാണ് വയസു കാലത്തെ പഠന ലക്ഷ്യം. ഭർത്താവ് മരിച്ചതിനാൽ ചെറുപ്പത്തിലേ ശാരദ കൂലിപ്പണിക്കിറങ്ങി. മകളെ വിവാഹം കഴിച്ചയച്ചു. കൂലിപ്പണിക്കാരനായ മകന്റെ കൂടെയാണ് താമസം.

സംസ്ഥാനത്തെ നൂറു പട്ടികജാതി കോളനികളിൽ കഴിഞ്ഞ മാർച്ചിലാണ് നവചേതന പഠനം തുടങ്ങിയത്. പരീക്ഷ നവംബർ 25നാണ്. 102 കേന്ദ്രങ്ങളിലായി 2024 പേർ എഴുതും. കൂടുതൽ പേർ തിരുവനന്തപുരം ജില്ലയിലാണ് (310).

നവചേതന നടപ്പാക്കിയ കോളനികൾ
തിരുവനന്തപുരം- 10,​ കൊല്ലം- 10,​ പത്തനംതിട്ട- 7,​ ആലപ്പുഴ -8,​ കോട്ടയം -7,​ ഇടുക്കി -5,​ എറണാകുളം-10,​ തൃശൂർ -6,​ പാലക്കാട്- 10,​ മലപ്പുറം- 7,​ കോഴിക്കോട് -9,​ വയനാട്- 3,​ കണ്ണൂർ- 5,​ കാസർകോട്-3.


'സാക്ഷരതാ പരീക്ഷ വിജയിക്കുന്നവർക്ക് തുടർന്നും പഠിക്കാം. നാലാംതരം, ഏഴാംതരം തുല്യതാ കോഴ്‌സുകൾ നടത്തും. 20 പേർക്ക് ഒരു പഠനകേന്ദ്രം എന്ന നിലയിലാവും ക്‌ളാസുകൾ ".

- ഡോ. പി.എസ്. ശ്രീകല (സാക്ഷരതാ മിഷൻ ഡയറക്ടർ)