ഫയർഫോഴ്സ് വെള്ളം ചീറ്റി വൃത്തിയാക്കി
തൃശൂർ: പാട്ടുരായ്ക്കൽ മേൽപ്പാലം മുതൽ പൂങ്കുന്നം പള്ളിയുടെ സമീപം വരെ റോഡിലും ഫുട്പാത്തിലും അജ്ഞാത സംഘം കക്കൂസ് മാലിന്യം തള്ളി. ഇന്നലെ പുലർച്ചെയാണ് സംഭവം. പൂങ്കുന്നം സ്‌കൂളിന് എതിർവശത്തെ വീടുകൾക്കും സമീപത്തെ കടകൾക്ക് മുൻവശത്തും ടാങ്കർ ലോറിയിൽ നിന്നും തള്ളിയ കക്കൂസ് മാലിന്യം കെട്ടിക്കിടന്നു. കോർപറേഷൻ ആരോഗ്യ വിഭാഗം, ഫയർഫോഴ്‌സ്, പൊലീസ് തുടങ്ങിയവർ സ്ഥലത്തെത്തി. ഫുട്പാത്തിൽ വെള്ളം ചീറ്റി കഴുകി ഫയർഫോഴ്‌സ് വൃത്തിയാക്കി ബ്‌ളീച്ചിംഗ് പൗഡർ വിതറി. കൗൺസിലർമാരായ ജോൺ ഡാനിയൽ, ലളിതാംബിക, പൂർണിമ സുരേഷ് തുടങ്ങിയവർ സ്ഥലത്തെത്തി. നേരത്തെ പാട്ടുരായ്ക്കൽ കോലോത്തുംപാടത്ത് കക്കൂസ് മാലിന്യം തട്ടാൻ വന്ന ടാങ്കർ ലോറി മറിഞ്ഞ സംഭവമുണ്ടായിരുന്നു. ടാങ്കർ ലോറി പിന്നീട് കെട്ടിവലിച്ച് കൊണ്ടുപോകാനുള്ള ശ്രമം കൗൺസിലറും നാട്ടുകാരും ചേർന്ന് തടയുകയായിരുന്നു. പാട്ടുരായ്ക്കൽ ജംഗ്ഷൻ മുതൽ പൂങ്കുന്നം വരെ രാത്രിയിൽ പൊലീസ് പട്രോളിംഗ് ഉണ്ടെങ്കിലും ഇവരുടെ കണ്ണ് വെട്ടിച്ചാണ് ടാങ്കർ ലോറിക്കാർ ഇവിടെ കക്കൂസ് മാലിന്യം തട്ടിയത്. . .