തൃശൂർ: കടലാസിന്റെ വിലയിൽ വർദ്ധന വന്നതോടെ അച്ചടി സ്ഥാപനങ്ങൾ അടച്ചിടേണ്ട സാഹചര്യമാണെന്ന് കേരള പ്രിന്റേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. വില കിലോയ്ക്ക് 60 രൂപയുണ്ടായിരുന്നത് 75 രൂപയായി. ഇതു മൂലം ദീർഘനാളത്തേക്ക് അച്ചടി ജോലികൾ കരാർ എടുത്തിരിക്കുന്ന സ്ഥാപനങ്ങൾ വലിയ നഷ്ടം സഹിക്കേണ്ടി വന്നു. മഷി, കെമിക്കൽസ് എന്നിവ ഉൾപ്പെടെയുള്ള അസംസ്‌കൃത വസ്തുക്കളുടെ വിലയും വർദ്ധിച്ചു. കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തരമായി വില നിയന്ത്രണത്തിന് ഇടപെടണമെന്ന് ജില്ലാ സെക്രട്ടറി പി. ബിജു ആവശ്യപ്പെട്ടു. അടുത്ത മാസം 11ന് തിരുവനന്തപുരം അച്ചടി ഭവനിൽ നടക്കുന്ന അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയിൽ ഭാവി പരിപാടികൾ തീരുമാനിക്കും. ജില്ലാ പ്രസിഡന്റ് രവി പുഷ്പഗിരി, ട്രഷറർ സണ്ണി കുണ്ടുകുളം എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു. . .