തൃശൂർ: വീടുകളുടെ വാതിൽ തകർത്ത് അമ്പതോളം പവൻ സ്വർണ്ണാഭരണങ്ങളും പണവും കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ. സുഹൃത്തുക്കളായ തൃശൂർ നെല്ലിക്കുന്ന് കുറ സ്വദേശി അറക്കൽ വീട്ടിൽ ഷാജഹാൻ (37), തൃശൂർ കാളത്തോട് കൃഷ്ണാപുരം സ്വദേശി ഇരിങ്ങക്കോട്ടിൽ വീട്ടിൽ അനീഷ് എന്നറിയപ്പെടുന്ന അഷ്‌റഫ് അലി (36) എന്നിവരെയാണ് സിറ്റി ക്രൈംബ്രാഞ്ച് സംഘവും ഒല്ലൂർ പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.

ഒല്ലൂർ പൊന്നൂക്കരയിലെ പണിക്കാട് വീട്ടിൽ ഡോൺ രാജിന്റെ വീടിന്റെ വാതിൽ തകർത്ത് 32 പവനോളം സ്വർണാഭരണങ്ങളും മറ്റ് വിലകൂടിയ സാധനങ്ങളും മോഷ്ടിച്ച കേസിന്റെ അന്വേഷണത്തിനൊടുവിലാണ് ഇരുവരും പിടിയിലായത്. രണ്ടുപേരെയും കോടതി റിമാൻഡ് ചെയ്തു. സിറ്റി ക്രൈംബ്രാഞ്ച് അസി. പൊലീസ് കമ്മിഷണർ ബാബു കെ. തോമസ്, സിറ്റി അസി. പൊലീസ് കമ്മിഷണർ രാജു, ഒല്ലൂർ സി.ഐ. ബെന്നി ജേക്കബ് എന്നിവരുടെ നേതൃത്വത്തിൽ ഒല്ലൂർ എസ്.ഐ സിനോജ്, സിറ്റി ക്രൈംബ്രാഞ്ച് അംഗങ്ങളായ എസ്.ഐ ഗ്‌ളാഡ്‌സ്റ്റൺ, എ.എസ്.ഐമാരായ കെ.എ. മുഹമ്മദ് അഷറഫ്, എൻ.ജി. സുവ്രതകുമാർ, പി.എം. റാഫി, കെ. ഗോപാലകൃഷ്ണൻ, സിവിൽ പൊലീസ് ഓഫീസർമാരായ ടി.വി. ജീവൻ, പഴനിസ്വാമി, വിപിൻദാസ്, കെ.ബി. ലിഗേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

മറ്റ് മോഷണകേസുകൾ

കഴിഞ്ഞ ഓണക്കാലത്ത് പെരുമ്പിള്ളിശേരി ബാലകൃഷ്ണന്റെ വീട്ടിൽ നിന്ന് എട്ടുപവൻ സ്വർണാഭരണം

ജൂണിൽ ഒല്ലൂക്കര ശ്രേയസ് നഗറിലെ കാടംപറമ്പിൽ അബ്ദുള്ളയുടെ വീട്ടിൽ നിന്ന് സ്വർണാഭരണം ഉൾപ്പെടെ ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ

ജനുവരിയിൽ എടത്തിരുത്തിയിലെ ബ്രഹ്മകുളം വീട്ടിൽ ജോണിയുടെ വീട്ടിൽ നിന്ന് 50,000 രൂപയും വിലപിടിപ്പുള്ള മറ്റു വസ്തുക്കളും

ഈ മാസം കുന്നംകുളം ചിറമനേങ്ങാട് ആയുർവേദ ഡോക്ടറായ മാരായിക്കുന്നത്ത് സലീമിന്റെ ഭാര്യ ഷാഹിനയുടെ വീട്ടിൽ നിന്ന് പണവും സ്വർണവും