തൃശൂർ: ഒല്ലൂരിരിലെ മോഷണം നടന്ന വീട്ടിനടുത്തെ സി.സി.ടി.വി കാമറയിൽ നിന്ന് ലഭിച്ച ബൈക്കിൽ സഞ്ചരിക്കുന്ന കഷണ്ടിയുള്ള യുവാവിന്റെ ചിത്രമാണ് നിരവധി മോഷണ കേസുകളിലെ പ്രതികളായ അനീഷിനെയും ഷാജഹാനെയും കുടുക്കിയത്. യുവാവിന്റെ മുഖഭാവങ്ങളിൽ സംശയം തോന്നിയ പൊലീസ് ഇയാളെക്കുറിച്ച് പലയിടത്തും അന്വേഷിച്ചു. ഒടുവിൽ സൽസ്വഭാവിയെന്ന് നാട്ടുകാർ പറയുന്ന അനീഷിലേക്ക് അന്വേഷണമെത്തി. പക്ഷേ തെളിവുകൾ അകന്നുനിന്നു. ചില കേസുകളിലെ സൂചന ലഭിച്ചതോടെ ഒരു മാസത്തോളം അനീഷിനൊപ്പം സഞ്ചരിച്ചു. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം മാത്രം ജോലിക്ക് പോകുന്ന അനീഷിന്റെ സുഹൃത്ത് ഷാജഹാനെക്കുറിച്ചും അന്വേഷിച്ചു. നെല്ലിക്കുന്ന് സ്വദേശിയായ ഷാജഹാൻ വിദേശത്തായിരുന്നുവെന്നും ആവശ്യത്തിന് വരുമാനം ലഭിക്കാത്തതിനാൽ തിരിച്ചെത്തിയെന്നും അറിഞ്ഞു. ആഢംബരത്തോടെ ജീവിക്കുന്ന ഇവർക്ക് ഇത്രയും അധികം ചെലവഴിക്കാൻ എവിടെ നിന്നാണ് പണം ലഭിക്കുന്നതെന്ന അന്വേഷണമായി. ഒരു പെറ്റി കേസ് പോലും ഇവർക്കെതിരെയില്ല. ദിവസങ്ങൾക്കകം സംശയം ബലപ്പെട്ടു. കസ്റ്റഡിയിലെടുത്ത് ഇരുവരെയും ചോദ്യം ചെയ്തു. ഒരു മണിക്കൂറിന് ശേഷം മോഷണ പരമ്പരകളെക്കുറിച്ച് ഇരുവരും തുറന്നു സമ്മതിച്ചു.

കൂട്ടിന് വായനയും യു ട്യൂബ് പഠനവും

ആഢംബര ജീവിതം നയിക്കാനാണ് ഷാജഹാൻ അനീഷുമായി ചേർന്ന് മോഷണത്തിന് പദ്ധതിയിട്ടത്. പത്രങ്ങളിൽ വരുന്ന മോഷണ വാർത്തകൾ തേടിപിടിച്ച് വായിക്കും. പാതിരാത്രിയിലെ മോഷണങ്ങളിൽ കാര്യമായൊന്നും മോഷ്ടാക്കൾക്ക് ലഭിച്ചില്ലെന്ന് കണ്ടെത്തിയതോടെ ഇവർ സമയം മാറ്റിപ്പിടിച്ചു. വൈകുന്നേരങ്ങളിൽ വീടിന് പുറത്തിറങ്ങുന്നവർ പണവും ആഭരണങ്ങളും സൂക്ഷിക്കുന്ന അലമാര ഭദ്രമായി അടച്ചുപൂട്ടില്ലെന്ന് ഇവർ മനസിലാക്കി. ചിലപ്പോൾ അലമാരയ്ക്ക് മുകളിൽ തന്നെ താക്കോലുണ്ടാകും. ഇടവിട്ട ദിവസങ്ങളിൽ ജോലിക്ക് പോകുന്ന ഇവർ മോഷണത്തിനിറങ്ങുന്ന ദിവസം ഒമ്പതു മണിക്ക് മുമ്പ് വീട്ടിൽ തിരിച്ചെത്തും. തെളിവുകൾ നശിപ്പിക്കാനും മോഷണം നടത്തിയതിന് ശേഷം രക്ഷപ്പെടേണ്ട മാർഗങ്ങൾ കണ്ടെത്താനും ഇവർ യു ട്യൂബിൽ പഠനം നടത്തി. മോഷണവുമായി ബന്ധപ്പെട്ട വിവിധ സിനിമകൾ കണ്ടു. വൈകിട്ട് ഏഴിനും ഒമ്പതിനും ഇടയിലാണ് ഇവർ മോഷണം നടത്താറുള്ളതെന്നും പൊലീസ് കണ്ടെത്തി.