ചാലക്കുടി: ആധുനിക നിലവാരത്തിൽ പണിതീർത്ത ആശുപത്രി റോഡിനരികെ കാനനിർമ്മിച്ച് കേബിൾ ഇടാനുള്ള നെറ്റ് വർക്ക് കമ്പനിയുടെ ശ്രമം പൊതുമരാമത്ത് വിഭാഗം ഉദ്യോഗസ്ഥർ തടഞ്ഞു. താലൂക്ക് ആശുപത്രി റോഡിൽ ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രം വഴിയിൽ നിന്നും 500 മീറ്റർ നീളത്തിലാണ് കാനയുണ്ടാക്കിയത്. വ്യാഴാഴ്ച കാന വെട്ടിതുടങ്ങിയെങ്കിലും വെള്ളിയാഴ്ച വൈകീട്ടാണ് എം.എൽ.എ ബി.ഡി. ദേവസിയുടെ ഇടപെടലിനെ തുടർന്ന് പ്രവൃത്തികൾ നിർത്തിയത്.
ഏറെ വിവാദങ്ങൾക്ക് ശേഷമാണ് ഈയിടെ ആശുപത്രി റോഡിന്റെ ബി.എം ആൻഡ് ബി.സി ടാറിംഗ് നടന്നത്. ഒരു കോടി രൂപ ചെലവിലായിരുന്നു നിർമ്മാണം. ഇതിന്റെ മുന്നോടിയായി പ്രസ്തുത റോഡിലെ വാട്ടർ അതോറിറ്റിയുടെ കാലപ്പാഴക്കം ചെന്ന പൈപ്പുകൾ മാറ്റി പുതിയവ സ്ഥാപിക്കുന്നതിന് മുപ്പത് ലക്ഷം രൂപയും ചെലവഴിച്ചിരുന്നു. റോഡ് നിർമ്മാണം വൈകുന്നതിനെതിരെ പ്രതിപക്ഷവും ബി.ജെ.പിയും നിരവധി സമരങ്ങൾ നടത്തിയിരുന്നു. ഇതിനു ശേഷം മനോഹരമായി പണി തീർത്ത റോഡിന്റെ ഉദ്ഘാടനം നടത്താൻ ആലോചിക്കുന്നതിനിടയിലാണ് സ്വകാര്യ കമ്പനിയുടെ കാനവെട്ടൽ തുടങ്ങിയത്. ഇതുമൂലം പലയിടത്തും റോഡരിക് പൊളിയുകയും ചെയ്തു. ഇതോടെയാണ് പൊതു മരാമത്ത് ഇടപെട്ട് നിർമ്മാണം തടഞ്ഞത്.
എന്നാൽ റോഡിന്റെ ഭൂരിഭാഗവും നഗരസഭയുടെ പരിധിയിൽ പെടുന്നതാണ്. സ്വകാര്യ കമ്പനിക്ക് കാനകീറി കേബിളിടുന്നതിന് നഗരസഭ അനുമതിയും നൽകിയിട്ടുണ്ട്.