തൃശൂർ: വളർത്തുനായ്ക്കളെ വളർത്തുന്നവർ തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് ലൈസൻസെടുക്കണമെന്ന നിയമം കർക്കശമാക്കുന്നു. നായ്ക്കളെ വീട്ടിൽ വളർത്തുന്നവരെക്കുറിച്ചുള്ള കണക്കെടുപ്പിന് വരും ദിവസങ്ങളിൽ കുടുംബശ്രീ പ്രവർത്തർ വീടുകളിലെത്തും. തെരുവു പട്ടികളെക്കുറിച്ചുള്ള കണക്കും ശേഖരിക്കും. ഇവയ്ക്കായി തദ്ദേശസ്ഥാപനങ്ങളിൽ പ്രത്യേക രജിസ്റ്ററുമുണ്ടാകും.
തെരുവുനായ നിയന്ത്രണ പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കാൻ പഞ്ചായത്ത് ഡയറക്ടർ തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് അയച്ച സർക്കുലറിലാണ് ലൈസൻസെടുക്കാത്തവർക്കെതിരെ 1998ലെ കേരള പഞ്ചായത്ത് രാജ് ചട്ടങ്ങളിലെ ചട്ടം 4 (1) പ്രകാരം നിയമനടപടി സ്വീകരിക്കാനുള്ള നിർദ്ദേശമുള്ളത്. കുടുംബശ്രീയുടെ സഹായത്തോടെ തെരുവുനായ്ക്കളെ നിയന്ത്രിക്കാനുള്ള എ.ബി.സി (ആനിമൽ ബർത്ത് കൺട്രോൾ) പദ്ധതി നേരത്തെ അവതരിപ്പിച്ചെങ്കിലും ഭൂരിഭാഗം തദ്ദേശസ്ഥാപനങ്ങളും വേണ്ടത്ര ഗൗരവം നൽകിയിരുന്നില്ല. തെരുവുനായ്ക്കളുടെ സംരക്ഷണത്തിനുള്ള കോടതി ഉത്തരവുകൾ മറയാക്കി പലരും എ.ബി.സി പദ്ധതി നടപ്പിലാക്കാൻ ശ്രമിക്കുന്നില്ലെന്നാണ് ഡയറക്ടറുടെ കുറ്റപ്പെടുത്തൽ.
നഗരങ്ങളിലും ഗ്രാമങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം വർദ്ധിച്ചിട്ടുണ്ട്. നവകേരള നിർമ്മിതിയുമായി ബന്ധപ്പെട്ട് തദ്ദേശസ്ഥാപനങ്ങൾക്ക് നിരവധി ഉത്തരവാദിത്വങ്ങൾ നൽകിയിട്ടുള്ളതിനാൽ നിർദ്ദേശം നടപ്പിലാക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുമുണ്ട്. പദ്ധതിയുടെ ഫലപ്രദമായ നടത്തിപ്പിനും മോണിറ്ററിംഗിനും പഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷനും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരും പഞ്ചായത്ത് സെക്രട്ടറി, വെറ്ററിനറി ഡോക്ടർ, സി.ഡി.എസ് ചെയർപേഴ്‌സൺ എന്നിവർ അംഗങ്ങളായുള്ള ഉപസമിതി അടിയന്തരമായി രൂപീകരിക്കണം. രണ്ടാഴ്ചയിലൊരിക്കൽ ഉപസമിതി യോഗം ചേർന്ന് പ്രവർത്തന പുരോഗതി വിലയിരുത്തണമെന്നും ഉത്തരവിലുണ്ട്.
വന്ധീകരികരിക്കാനുള്ള ചുമതല കുടുംബശ്രീയുടെ എ.ബി.സി മൈക്രോ സംരംഭ യൂണിറ്റുകൾക്കാണ്.
ഹോട്ട് സ്‌പോട്ടായി രേഖപ്പെടുത്തും
വളർത്തു നായകളുടെ ഉടമസ്ഥന്റെ പേര്, നായ്ക്കളുടെ എണ്ണം, ഇനം, ആൺ/പെൺ പ്രായം എന്നിവയാണ് രജിസ്റ്ററിൽ രേഖപ്പെടുത്തുക. തെരുവ് നായ്ക്കളുടെ ആധിക്യമുള്ള സ്ഥലങ്ങൾ ഹോട്ട് സ്‌പോട്ടുകളായി രേഖപ്പെടുത്തും.
ഉറവിട മാലിന്യസംസ്‌കരണം
കർക്കശമാക്കും
തെരുവുനായ്ക്കളുടെ അഭൂതപൂർവമായ വർദ്ധനവിന് കാരണം അലക്ഷ്യമായി വലിച്ചെറിയുന്ന മാംസാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യമാണെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ഉറവിട മാലിന്യസംസ്‌കരണം സംബന്ധിച്ച നിയമം കർക്കശമായി നടപ്പിലാക്കാനാണ് നിർദ്ദേശം. അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നതൊഴിവാക്കാൻ ശുചിത്വമിഷനുമായി ചേർന്ന് പദ്ധതി ആവിഷ്‌കരിക്കണം. മാലിന്യം വലിച്ചെറിയുന്നവരെ റസിഡന്റ്‌സ് അസോസിയേഷനുകളുടെ സഹായത്തോടെ കണ്ടെത്തും. ഇവർക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതോടൊപ്പം പേര് വിവരം തദ്ദേശസ്ഥാപനങ്ങളുടെ രജിസ്റ്ററിൽ സൂക്ഷിക്കും