തൃശൂർ: രാവിലെ അഞ്ച് മണിക്ക് ചായ. അത് ചായക്കടക്കാരൻ ബാബു നൽകും. മറ്റു കടകളിൽ നിന്ന് ബിസ്കറ്റ്, റസ്ക്. പിന്നെ, ലോട്ടറിക്കച്ചവടവും കറങ്ങിനടക്കലും. അതിനിടയിൽ ഉച്ചഭക്ഷണം. രാത്രി പ്രകാശന്റെ വീട്ടിൽ അത്താഴം, ഉറക്കം. പൊതുയോഗങ്ങളിലും പ്രകടനങ്ങളിലും പങ്കെടുക്കുമ്പോൾ കട്ടൻചായയും പരിപ്പുവടയും. അതാണ് ലില്ലിപ്പട്ടിയുടെ ദിനചര്യ. ലില്ലി, വെറുമൊരു പട്ടിയല്ല മാങ്ങാപറമ്പിൽ പ്രകാശന്. കഴിഞ്ഞ മൂന്നുവർഷമായി കുടുംബത്തിലെ ഒരംഗമാണ്. എവിടെപ്പോകുമ്പോഴും വണ്ടിയിൽ കയറാനായി ലില്ലിയും ഓടിയെത്തും. പലപ്പോഴും ഗേറ്റടച്ച് പൂട്ടിയിടേണ്ടി വരും. രാവിലെ ക്ഷേത്രത്തിൽ കയറുമ്പോഴും ഒപ്പം കയറണം.
ഒരുനാൾ വഴിയിൽ കിടന്നുകരഞ്ഞ പട്ടിക്കുട്ടി, വലക്കാവിൽ ടയർ കട നടത്തുന്ന പ്രകാശന്റെയും നാട്ടുകാരുടെയും ഒാമനയായത് വേഗത്തിലായിരുന്നു. ലാബ്രഡോർ ഇനത്തിലുളള പട്ടിയാണെന്ന് കരുതി വാങ്ങി, നാടൻപട്ടിയാണെന്ന് തിരിച്ചറിഞ്ഞപ്പോൾ തെരുവിൽ ഉപേക്ഷിച്ചതാകാം ഇവളെ. പാവംതോന്നിയ പ്രകാശൻ എടുത്ത് പാലും ബ്രഡും കൊടുത്തു വളർത്തി, പേരിട്ടു. ടയർക്കടയുടെ കാവൽക്കാരിയാക്കി.
അതിനിടയിൽ കാറിടിച്ച് കൈകാലുകൾ തകർന്നു. ഒരു മാസം ചികിത്സിച്ചു. തെരുവുനായ്ക്കൾ ലില്ലിയെ ശല്യപ്പെടുത്താൻ തുടങ്ങിയപ്പോൾ, പീച്ചിയിലെ വഴിയോരത്ത് കൊണ്ടുപോയി വിട്ടു. അന്ന് പ്രകാശന് ഉറക്കം വന്നില്ല. ഒടുവിൽ തേടിപ്പിടിച്ച് കൂട്ടിക്കൊണ്ട് വന്നു. ഐ.എൻ.ടി.യു.സിക്കാർക്കും സി.ഐ.ടി.യുക്കാർക്കും കടയുടമകൾക്കുമെല്ലാം അവൾ പൊന്നോമനയാണ്. ചുമട്ടുതൊഴിലാളികളുടെ വിശ്രമകേന്ദ്രത്തിലെ സ്ഥിരം അതിഥിയാണ്. ബിസ്കറ്റും മിഠായിയും കൊടുത്ത് അവരും സ്നേഹം പങ്കിടും.
പ്രളയരക്ഷയ്ക്കും ലില്ലി
ലോട്ടറിക്കച്ചവടക്കാരനായ കുഞ്ഞപ്പനെ കണ്ടാൽ ഉടനേ സ്കൂട്ടറിൽ ഒാടിക്കയറും. പല നാടുകൾ ചുറ്റി ഭാഗ്യാന്വേഷികളെ കണ്ട് രാത്രി വീണ്ടും വലക്കാവിലെത്തും. പ്രളയം വന്ന് വലക്കാവ് ഗ്രാമം മുങ്ങിയപ്പോൾ രക്ഷാപ്രവർത്തനത്തിന് നാട്ടുകാർക്കൊപ്പം ലില്ലിയും നീന്തി. ആ കാഴ്ച മൊബൈലിൽ വൈറലായി.
പാർട്ടി പരിപാടികളിലെ സ്ഥിരാംഗമാണ് ലില്ലി. പൊതുയോഗത്തിലും പ്രകടനത്തിലും സമരത്തിലുമെല്ലാം മുൻനിരയിലുണ്ടാവും. ലില്ലിക്ക് രണ്ട് പ്രസവത്തിൽ പത്തു കുട്ടികളുണ്ടായി. അവയെ നാട്ടുകാർ കൊണ്ടുപോയി വളർത്തുന്നു.