sreerag
മരിച്ച ശ്രീരാഗ്

ചാലക്കുടി: നിറുത്തിയിട്ടിരുന്ന കണ്ടെയ്‌നർ ലോറിക്ക് പിന്നിൽ നിയന്ത്രണം വിട്ട കാറിടിച്ച് രണ്ടു യുവാക്കൾ തത്‌ക്ഷണം മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. ഒല്ലൂർ- അഞ്ചേരി മരിയാപുരം ചൂളക്കടവ് വീട്ടിൽ അബ്ദുൾ ലത്തീഫിന്റെ മകൻ മുസ്താഖ് ലത്തീഫ് (28), നടവരമ്പ് ചാത്താമ്പിള്ളി ബില്ലയുടെ മകൻ ശ്രീരാഗ് (22) എന്നിവരാണ് മരിച്ചത്. കാറോടിച്ചിരുന്ന ഇരിങ്ങാലക്കുട കൈപ്പിള്ളി ശ്രീനിവാസന്റെ മകൻ ഹരിപ്രസാദിനെ (26) ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ദേശീയ പാത പോട്ട-നാടുകുന്നിൽ ഇന്നലെ പുലർച്ചെ ഒന്നരയ്ക്കായിരുന്നു അപകടം. ദുബായിയിൽ ഫയർ ആൻഡ് സേഫ്റ്റി എൻജിനിയറായ മുസ്താഖ് അവധി കഴിഞ്ഞ് ഇന്ന് ജോലിക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇതിനായി എറണാകുളത്തുള്ള മറ്റൊരു സുഹൃത്തിനെ കണ്ട് യാത്ര പറഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം.

അമിത വേഗതയിലായിരുന്ന ഫോർഡ് ഫിഗോ കാർ നിയന്ത്രണം തെറ്റിയപ്പോൾ പെട്ടെന്ന് ബ്രേക്കിട്ടു. നടുറോഡിൽ വട്ടം തിരിഞ്ഞ കാറിന്റെ പിൻഭാഗം ഒഴിഞ്ഞ ഭാഗത്ത് കിടന്നിരുന്ന കണ്ടെയ്‌നർ ലോറിയുടെ പിന്നിൽ ഇടിച്ചുതകർന്നു. സംഭവം കണ്ടുനിന്നവർ ഓടിക്കൂടിയാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. പൊലീസ് എത്തി കാർ വെട്ടിപ്പൊളിച്ചാണ് അകത്ത് കുടുങ്ങിക്കിടന്നവരെ പുറത്തെടുത്തത്. മുംതാസാണ് മുസ്താഖിന്റെ അമ്മ. ആദിൽ സഹോദരനാണ്. ശ്രീരാഗിന്റെ അമ്മ ജീജയും ശ്രീരാം സഹോദരനുമാണ്.