ചാലക്കുടി: കൊരട്ടി, കൊച്ചി - ഇരിമ്പനം എന്നിവിടങ്ങളിലെ എ.ടി.എം കവർച്ച കേസിൽ പ്രതികളെ രാജസ്ഥാനിൽ നിന്നും പിടികൂടാനുള്ള പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. കോട്ടയത്ത് രൂപീകരിച്ച സംഘമാണ് രാജസ്ഥാനിലെത്തി അന്വേഷണം നടത്തുന്നത്. രാജസ്ഥാൻകാരാണ് കവർച്ചയ്ക്ക് പിന്നിലെന്ന് കോട്ടയത്തെ അന്വേഷണത്തിലാണ് തിരിച്ചറിഞ്ഞത്.
ചിങ്ങവനത്ത് നിന്നും പിടിയിലായ ഒരാളാണ് പ്രതികളെക്കുറിച്ച് സൂചന നൽകിയത്. ഇയാളുടെ കൂട്ടുകാരായ നാലുപേരാണ് കവർച്ച നടത്തിയതെന്ന് ചോദ്യം ചെയ്യലിൽ നിന്നും വ്യക്തമായി. ടോറസ് ലോറിയിലെ ജോലിക്കാരായി ചിങ്ങവനത്ത് എത്തിയ നാലംഗ സംഘം അവിടെ വച്ചാണ് കവർച്ച ആസൂത്രണം ചെയ്തത്. തുടർന്ന് അവിടെ നിന്നും പിക്ക് അപ് വാൻ മോഷ്ടിക്കുകയായിരുന്നു. സുഹൃത്ത് വഴി നടത്തിയ അന്വേണത്തിലാണ് ഈ നാലു പേരുടെ ചിത്രങ്ങളും വിലാസവും പൊലീസിന് ലഭിച്ചത്. എന്നാൽ നാൽവർ സംഘം ഇപ്പോൾ എവിടെയാണെന്ന് വ്യക്തമായിട്ടില്ല. രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ അന്വേഷണത്തിന് തടസവും നേരിടുന്നുണ്ട്. പ്രതികളുടെ മൊബൈൽ ഫോൺ തെളിവുകൾ ശേഖരിച്ച ശേഷമായിരിക്കും ചാലക്കുടിയിൽ നിന്നുള്ള പൊലീസ് സംഘം രാജസ്ഥാനിലേക്ക് പോവുക. . ..