tapasya
എം.എ കൃഷ്ണൻ നവതി ആഘോഷത്തിൽ നിന്ന്

തൃശൂർ: കേരളം ഇന്നത്തെ നിലയിലാകുന്നതിനും പുരോഗതി കൈവരിച്ചതിനും പിന്നിൽ നവോത്ഥാന പ്രസ്ഥാനങ്ങളും അനേകം വ്യക്തികളുടെ പ്രയത്‌നങ്ങളും ജീവിതാനുഭവങ്ങളുമുണ്ടെന്ന് സാഹിത്യകാരൻ മാടമ്പ് കുഞ്ഞുകുട്ടൻ. തപസ്യ കലാസാഹിത്യവേദി, ബാലഗോകുലം എന്നീ പ്രസ്ഥാനങ്ങളുടെ സ്ഥാപകനും കേസരി വാരികയുടെ മുഖ്യപത്രാധിപരുമായിരുന്ന ആർ.എസ്.എസിന്റെ മുതിർന്ന പ്രചാരകൻ എം.എ കൃഷ്ണന്റെ നവതി ആഘോഷത്തിന്റെ ഭാഗമായുള്ള സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ പാർട്ടികൾക്കും ഗാന്ധിയൻ പ്രസ്ഥാനങ്ങൾക്കും പുറമെ മറ്റു നിരവധി സംഘടനകളും കേരളത്തിന്റെ നവോത്ഥാനത്തിനായി അക്ഷീണം പ്രവർത്തിച്ചു. സ്വയം അർപ്പിച്ച് നവോത്ഥാന നായകരും പ്രസ്ഥാനങ്ങളും പ്രവർത്തിച്ചതിനാലാണ് പരസ്പര വിരുദ്ധമായ പാർട്ടികളുള്ളപ്പോഴും 'ദൈവത്തിന്റെ സ്വന്തം നാടെ'ന്ന നിലയിലേക്ക് കേരളം എത്തിയത്. കേരളത്തിന്റെ സാമൂഹികമായ മാറ്റങ്ങൾക്ക് ചുക്കാൻ പിടിച്ച പ്രമുഖ വ്യക്തിയാണ് എം.എ കൃഷ്ണനെന്നും മാടമ്പ് കുഞ്ഞുകുട്ടൻ പറഞ്ഞു.
കഥാകൃത്ത് തൃശ്ശിവപുരം മോഹനചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. 'ദ്രൗപദിയിലെ കൃഷ്ണാങ്കുരം' വിഷയത്തിൽ ആഷാമേനോൻ പ്രഭാഷണം നടത്തി. 'കൃഷ്ണ ബിംബങ്ങളുടെ നവോത്ഥാന ജാഗ്രതകൾ' വിഷയത്തിൽ ഡോ. സുവർണ നാലപ്പാട്ട് പ്രഭാഷണം നടത്തി. തപസ്യ ജില്ലാ ജനറൽ സെക്രട്ടറി ടി.എസ് നീലാംബരൻ, കെ. ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. യുവസാഹിത്യ സമ്മേളനം പാങ്ങിൽ ഭാസ്‌കരൻ ഉദ്ഘാടനം ചെയ്തു. 25-ഓളം യുവസാഹിത്യ പ്രതിഭകൾ രചനാവതരണം നടത്തി. 'എം.എ കൃഷ്ണൻ സാമൂഹ്യപരിവർത്തനത്തിന്റെ നാൾ വഴികൾ" സെമിനാറിൽ ബാലഗോകുലം സംസ്ഥാന അധ്യക്ഷൻ കെ.പി.ബാബുരാജ്, തപസ്യ സംസ്ഥാന സംഘടനാ സെക്രട്ടറി പി. ഉണ്ണിക്കൃഷ്ണൻ, മുരളി പാറപ്പുറം, കുമാർ ചെല്ലപ്പൻ എന്നിവർ പ്രസംഗിച്ചു. ഇന്ന് രാവിലെ 10ന് ബാലസാഹിത്യോത്സവം സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്യും.
വൈകിട്ട് അഞ്ചിന് ആദരണ സമ്മേളനം ഒ. രാജഗോപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മഹാകവി അക്കിത്തം വിശിഷ്ടാതിഥിയാകും.. .