കൊടുങ്ങല്ലൂർ: മലയാള കാവ്യമേഖലയെയും ഗാനശാഖയെയും ഒരുപോലെ തഴുകിയൊഴുകിയ അസാധാരണ പ്രതിഭയായിരുന്നു വയലാർ രാമവർമ്മയെന്ന് തിരക്കഥാകൃത്ത് ജോൺ പോൾ പറഞ്ഞു. പി. ഭാസ്കരൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച വയലാർ സ്മൃതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കാവ്യ ഗുണത്തിന്റെ കാര്യത്തിൽ വയലാറിനെക്കാൾ ഒരുപടി മുന്നിലായിരുന്നു പി.ഭാസ്കരൻ. എങ്കിലും ഗാനങ്ങളുടെ ജനകീയതയിൽ മറ്റാരേക്കാളും അതിശയിപ്പിക്കുന്ന അജയ്യത വയലാറിന് ഉണ്ടായിരുന്നു. ദേവരാജനും ആയി ചേർന്ന് വയലാർ ചെയ്ത ഗാനങ്ങൾ മലയാളസിനിമാ ചരിത്രത്തിലെ മകുട നികുംഭങ്ങളായി അവശേഷിക്കുന്നുവെന്നും ജോൺപോൾ തുടർന്നു പറഞ്ഞു. മുനിസിപ്പൽ ടൗൺഹാളിൽ നടന്ന സമ്മേളനത്തിൽ ഫൗണ്ടേഷൻ ചെയർമാൻ സി.സി വിപിൻചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.എസ് തിലകൻ ,അഡ്വ. പി.ഡി. വിശ്വംഭരൻ, ബേബിറാം, സി. നന്ദകുമാർ, ഇ.ജി സുഗതൻ, പി.ആർ ബാബു എന്നിവർ സംസാരിച്ചു.