തൃശൂർ: ഉരുൾപ്പൊട്ടൽ ഉണ്ടായ ഭാഗങ്ങളിൽ കർശന പരിശോധന നടത്തുമെന്നും ഇനിയും സാദ്ധ്യതയുള്ള മേഖലകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുമെന്നും ജില്ലാ വികസന സമിതി യോഗം. ഉരുൾപ്പൊട്ടലിനെ തുടർന്ന് ജീവനഷ്ടം അടക്കം വ്യാപക കെടുതിയുടെ സാഹചര്യത്തിലാണ് വികസന സമിതിയുടെ തീരുമാനം.
ഉരുൾപ്പൊട്ടൽ ഉണ്ടായ ചേലക്കര, പാഞ്ഞാൾ ഭാഗങ്ങളിലെ കുന്നിൻ പ്രദേശങ്ങളിൽ വീണ്ടും വിള്ളലുകൾ കണ്ടതിനെ തുടർന്ന് കുറുമല കുന്നിൻ ഭാഗങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാൻ എം.എൽ.എ യു.ആർ പ്രദീപ് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ജിയോളജി വകുപ്പ് അധികൃതർ വിവിധ കോളനികൾ സന്ദർശിക്കുകയും സ്ഥലപരിശോധന നടത്തി ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തതായി വകുപ്പ് മേധാവി യോഗത്തെ അറിയിച്ചു.
ഗവ. കോളേജുകൾ, സ്‌കൂളുകൾ എന്നിവിടങ്ങളിൽ പട്ടികജാതി വിദ്യാർത്ഥികളിൽ നിന്ന് ഫീസ് ഈടാക്കുന്ന നടപടിയെ നിയമപരമായി നേരിടും. തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിൽ സ്മാർട്ട് ക്ലാസ് റൂം പദ്ധതി ഈ അദ്ധ്യയന വർഷം തന്നെ പൂർത്തീകരിക്കുമെന്നും വിവിധ സ്ഥലങ്ങളിൽ ഹൈമാസ്റ്റ് വിളക്കുകൾ സ്ഥാപിക്കുന്നത് പൂർത്തിയാക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ചാലക്കുടി നിയോജക മണ്ഡലത്തിലെ പുകയിലപ്പാറ കോളനിയിൽ 28 കുടുംബങ്ങൾക്ക് പുറമെ മറ്റു കുടുംബങ്ങൾക്ക് കൂടി പട്ടയം നൽകണമെന്ന ബി.ഡി ദേവസി എം.എൽ.എയുടെ നിർദ്ദേശത്തിൽ തുടർ നടപടിയെടുക്കാൻ ജില്ലാ കളക്ടർ ടി.വി. അനുപമ വനംവകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. കയ്പ്പമംഗലം നിയോജകമണ്ഡലത്തിൽ ഉൾപ്പെടുന്ന പെരുന്തോട് പദ്ധതിയുടെ രണ്ടാം ഘട്ട പുനർനിർമ്മാണം ത്വരിതഗതിയിൽ ആരംഭിക്കണമെന്നും ഇതിന്റെ ഭാഗമായി മത്സ്യകൃഷി വിപുലപ്പെടുത്തണമെന്നും ഇ.ടി. ടൈസൺ മാസ്റ്റർ നിർദ്ദേശിച്ചു.
2018-19 സാമ്പത്തിക വർഷത്തിൽ 177 നിർമ്മാണ പ്രവൃത്തികളിൽ 159 പദ്ധതികൾ പൂർത്തീകരിക്കാനായെന്നും ബാക്കിയുള്ള പദ്ധതികൾ ഡിസംബർ 31 നകം പൂർത്തിയാക്കാനാകുമെന്നും ഉദ്യോഗസ്ഥർ യോഗത്തെ അറിയിച്ചു. ജില്ലാ കളക്ടർ ടി.വി. അനുപമ അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ ബി.ഡി ദേവസി, ഇ.ടി. ടൈസൺ മാസ്റ്റർ, ഡി.പി.ഒ ഡോ. എ. സുരേഷ് കുമാർ, ഇരിങ്ങാലക്കുട ആർ.ഡി.ഒ സി. റെജിൽ, ഡെപ്യൂട്ടി കളക്ടർ എം.ബി. ഗിരീഷ് തുടങ്ങിയവർ പങ്കെടുത്തു. അടുത്ത ജില്ലാ വികസന സമിതിയോഗം നവംബർ 24 ന് നടക്കും.