ramesh-chennithala

തൃശൂർ: ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടെ കേരള സന്ദർശനം കലാപത്തിനുള്ള ആഹ്വാനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അമിത് ഷായും മുഖ്യമന്ത്രി പിണറായി വിജയനും വർഗീയ വികാരം ആളിക്കത്തിച്ച് ഭ്രാന്താലയമാക്കാൻ ശ്രമിക്കുകയാണ്. ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാനുള്ള ബി.ജെ.പിയുടെ ശ്രമത്തിന് സി.പി.എം സൗകര്യമൊരുക്കുകയാണ്. കേരളത്തിലെ സർക്കാരിനെ വലിച്ച് താഴെയിടാനുള്ള ശക്തി ബി.ജെ.പിക്കില്ല. അത് അവസരം വരുമ്പോൾ ജനങ്ങൾ ചെയ്യും. കേരളത്തെക്കുറിച്ച് അമിത് ഷായ്‌ക്ക് ഒന്നും അറിയില്ല. ശബരിമലയിലെ യുവതീ പ്രവേശനത്തിൽ ഉമ്മൻചാണ്ടി സർക്കാർ നൽകിയ സത്യവാങ്മൂലം തന്നെയാണ് കോൺഗ്രസിന്റെ ഇപ്പോഴത്തെയും നിലപാട്. സുപ്രീംകോടതി വിധി മാനിക്കുന്നു. പക്ഷേ അത് അന്തിമമല്ലെന്ന് തിരിച്ചറിയണം. പുനഃപരിശോധനാ ഹർജിയും ക്യൂറേറ്റീവ് ഹർജിയും നൽകാൻ സർക്കാർ തയ്യാറായില്ല. ശബരിമല പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രത്തിൽ ഓർഡിനൻസ് ഇറക്കുകയോ, ഭരണഘടനാ ഭേദഗതി വരുത്തുകയോ ചെയ്യാതെ കേരളത്തിൽ വിശ്വാസത്തിന്റെ പേരിൽ പ്രതിഷേധം നടത്തുന്നത് കാപട്യമാണ്.

81 വർഷം ക്ഷേത്രപ്രവേശന വിളംബരം ആചരിക്കാത്തവർ ഇപ്പോൾ അത് ആചരിക്കുന്നത് രാഷ്ട്രീയ ഗൂഢോദ്ദേശ്യത്തോടെയാണ്. ബ്രൂവറി വിഷയം ഉന്നയിച്ചപ്പോൾ കേരളത്തിന്റെ പ്രളയാനന്തര ഐക്യത്തെ കുറിച്ച് പറഞ്ഞ മുഖ്യമന്ത്രി, ശബരിമല വിഷയത്തിൽ അതിന് ശ്രമിക്കുന്നില്ല. നാമജപയാത്രയിൽ പങ്കെടുത്തവരെയെല്ലാം അറസ്റ്റ് ചെയ്യുന്നതിനോടും യോജിക്കാനാവില്ല. അക്രമികളെയാണ് പിടികൂടേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.