കൊടുങ്ങല്ലൂർ: പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്കയിൽ ഒക്ടോ. 30 മുതൽ മൂന്ന് ദിവസങ്ങളിലായി ജപമാല വിസ്മയം നടക്കുമെന്ന് വികാരി ഫാദർ ജോൺസൺ പത്രസമ്മേളനത്തിൽ പറഞ്ഞു. ബസിലിക്ക ആഡിറ്റോറിയത്തിൽ രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെ നടക്കുന്ന ജപമാല വിസ്മയത്തിൽ 83 രാജ്യങ്ങളിൽ നിന്നായി ശേഖരിച്ച, ക്രൈസ്തവ സമൂഹം വിശുദ്ധാത്മാക്കൾ ആയി അംഗീകരിച്ചിട്ടുള്ള വിശിഷ്ടവ്യക്തികളും മറ്റും ഉപയോഗിച്ചിരുന്നതടക്കമുള്ള 62,000 അധികം ജപമാലകളും വ്യത്യസ്തങ്ങളായ തിരൂസ്വരൂപങ്ങളുടെ പ്രദർശനവും നടക്കും. ഒക്ടോബർ 30ന് വൈകിട്ട് അഞ്ചിന് കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺ. സെബാസ്റ്റ്യൻ ജെക്കോബിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ഉറുഗ്വേയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് ഡോക്ടർ ജോർജ് പാനിക്കുളം ജപമാല വിസ്മയം ഉദ്ഘാടനം ചെയ്യും. ലിംകാ ബുക്ക് ഒഫ് റെക്കോർഡ്സിന്റെ താളുകളിൽ ഇടം പിടിച്ച ഗോതുരുത്ത് സ്വദേശി പുതിയവീട്ടിൽ സാബു കെയ്റ്ററും കുടുംബവും സമാഹരിച്ചിട്ടുള്ള ജപമാലകളാണ് ജപമാല വിസ്മയത്തിന്റെ കേന്ദ്രബിന്ദു. രുദ്രാക്ഷം, സ്വർണ്ണം, പവിഴം, മുത്ത്, തുളസിത്തണ്ട്, ചകിരിനാര്, രത്നം തുടങ്ങിയവയിൽ തീർത്ത കൊന്തകളും, 200 വർഷത്തിലേറെ പഴക്കമുള്ളവയും ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. 10, 53, 236, 103 മണികളുള്ളവയും ആയിരം മണിയുടെ ജപമാലയും ഇതിലുൾപ്പെടുന്നു. ആയിരം മണി കൊന്ത 20 പേർ ഒന്നിച്ചാണ് ചൊല്ലുക. കുരിശിന്റെ വഴി രേഖപ്പെടുത്തിയ കൊന്ത, തിരുഹൃദയത്തിന്റെ 33 മണി കൊന്ത, വിവാഹത്തിന് വരനും വധുവിനും സമ്മാനമായി നൽകുന്ന വെഡിംഗ് റോസരി, 53 മണികളുള്ള ബാങ്കിൽ റോസരി, എന്നിവയ്ക്കൊപ്പം, ജപമാല ഉപയോഗിക്കാൻ അനുവാദമില്ലാത്ത രാജ്യങ്ങളിലേക്ക് കൊണ്ടുപോകുന്ന ക്രെഡിറ്റ് കാർഡ് രൂപത്തിലുള്ള മണികൾ സൂക്ഷ്മതയോടെ പിടിച്ചിരിക്കുന്ന ക്രെഡിറ്റ് കാർഡ് കൊന്ത എന്നിവ ഇവയിൽ ശ്രദ്ധേയമാണ്. സഹവികാരിമാരായ ലിബിൻ വലിയവീട്ടിൽ, ഷിബിൻ കൂളിയത്ത്, കൺവീനർ സേവി താണിപ്പിള്ളി, തോമസ് പുത്തൻപുരയ്ക്കൽ, പ്രിൻസ് പനക്കപ്പറമ്പിൽ, റെനി വലിയ മരത്തിങ്കൽ, ജോസി, സെബാസ്റ്റ്യൻ, മനു തുടങ്ങിയവരും പത്രസമ്മേളനത്തിൽ സംബന്ധിച്ചു. . .