തൃശൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറാനും 'പ്രളയാക്ഷരങ്ങൾ' എന്ന പുസ്തകം വാങ്ങാനും പ്ലാസ്റ്റിക് കുപ്പികൾ സ്വരൂപിച്ചു വിറ്റു കിട്ടിയ പണവുമായി കയ്പ്പമംഗലത്തു നിന്ന് സ്‌കൂൾ വിദ്യാർത്ഥികൾ ഇന്ന് തൃശൂരിലെത്തും. നിയോജക മണ്ഡലത്തിലെ 80 സ്‌കൂളുകളിൽ നിന്നായി 'സ്വരക്ഷ' പദ്ധതിയിൽ അംഗങ്ങളായ കുട്ടികളും അദ്ധ്യാപകരുമാണ് ജില്ലയെ പ്രളയത്തിൽ നിന്ന് കരകയറ്റുന്നതിന്റെ ഭാഗമായി നടക്കുന്ന വീണ്ടെടുപ്പ് സാംസ്‌കാരിക പരിപാടിക്കെത്തി പുസ്തകം മുഖ്യമന്ത്രിയിൽ നിന്നു വാങ്ങുക. ബാക്കി തുക വേദിയിൽ വച്ച് തന്നെ ഇവർ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. ഗാന്ധിജയന്തി ദിനം മുതൽ ഒക്‌ടോബർ 10 വരെ 78 സ്‌കൂളുകളിലെ കുട്ടികളും രണ്ട് അദ്ധ്യാപക പരിശീലന കേന്ദ്രത്തിലെ വിദ്യാർത്ഥികളും ചേർന്നാണ് പ്രളയക്കെടുതി ഏറെ ബാധിച്ച നിയോജക മണ്ഡലത്തിൽ നിന്നും 1.5 ലക്ഷത്തോളം പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ചത്. ശേഖരിച്ച പ്ലാസ്റ്റിക് കുപ്പികൾ വിറ്റു കിട്ടിയത് 45,000 ത്തോളം രൂപയാണ്. ഇതിൽ നിന്ന് 200 രൂപ വില വരുന്ന പുസ്തകം സ്‌കൂളുകൾക്കും ലൈബ്രറികൾക്കുമായാണ് വാങ്ങുന്നത്. വിദ്യാർത്ഥികൾ ശേഖരിച്ച 1.5 ലക്ഷം പ്ലാസ്റ്റിക് കുപ്പികൾക്ക് കേരള സ്‌ക്രാപ് അസോസിയേഷൻ കിലോക്ക് 23.75 രൂപയാണ് നൽകിയത്. ഇ.ടി ടൈസൺ മാസ്റ്ററുടെ നേതൃത്വത്തിലാണ് ഇത്തരത്തിൽ ഒരാശയം രൂപപ്പെട്ടത്. മതിലകം ബി.പി.ഒ സജീവൻ, ഏറിയാട് ഗവ. കേരളവർമ എച്ച്.എസ്.എസിലെ സുനിത മേത്തുറത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കുട്ടികൾ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ചത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കയ്പ്പമംഗലം നിയോജകമണ്ഡലത്തിലെ 11 ഉപസമിതികളിൽ ഒന്നാണ് 'സ്വരക്ഷ'. കുട്ടികളെ സ്വയംപര്യാപ്തരാക്കുക എന്നതാണ് 'സ്വരക്ഷ'യിലൂടെ ലക്ഷ്യമിടുന്നത്. എൽ.പി., യു.പി, ഹൈസ്‌കൂൾ കുട്ടികളാണ് പ്രളയശേഷമുള്ള നിയോജക മണ്ഡലത്തിൽ നിന്നും പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ചത്. പ്രളയത്തെ തുടർന്ന് സ്‌കൂളുകളിലേക്ക് 40,000 ത്തോളം നോട്ടുപുസ്തകങ്ങളും 'സ്വരക്ഷ' സൗജന്യമായി നൽകിയിരുന്നു. സ്വരക്ഷയിലൂടെ ലഹരി വിമുക്ത കാമ്പസ് പദ്ധതിയും ഇവർ നടപ്പാക്കുന്നുണ്ട്.