തൃശൂർ: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിക്ക് മേലെയാണ് ആചാരങ്ങളും വിശ്വാസങ്ങളുമെന്ന് പ്രഖ്യാപിച്ച ബി.ജെ.പി അഖിലേന്ത്യാ അദ്ധ്യക്ഷൻ അമിത് ഷായുടെ നിലപാട് കോടതിയലക്ഷ്യമാണെന്നും വിധി നടപ്പിലാക്കാൻ ശ്രമിക്കുന്ന സംസ്ഥാന സർക്കാരിനെ അധികാരത്തിൽ നിന്നും താഴെയിറക്കുമെന്ന വെല്ലുവിളി കേരളം അവജ്ഞയോടെ പുറംതള്ളുമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രസ്താവിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തെ ഭയപ്പെടുന്ന സംഘപരിവാർ സംഘടനകളുടെ നിഷേധാത്മക സമീപനമാണ് സന്ദീപാനന്ദഗിരിയുടെ നേരെ നടന്ന ആക്രമണം തെളിയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എ.ഐ.ടി. യു.സി തൃശൂർ ജില്ലാ സമ്മേളനം തൃശൂർ ടാഗോർ സെന്റിനറി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് എൻ. രാജൻ പതാക ഉയർത്തി. സി.എൻ. ജയദേവൻ എം.പി, എ.ഐ.ടി.യു.സി സംസ്ഥാന ജന. സെക്രട്ടറി കെ.പി. രാജേന്ദ്രൻ, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, കെ. രാജൻ, വി.ബി. ബിനു, കെ.സി.ജയപാലൻ,ടി.ആർ. രമേഷ്‌കുമാർ, പി.ബാലചന്ദ്രൻ, അഡ്വ. കെ.ബി.സുമേഷ്, ജില്ലാസെക്രട്ടറി കെ.ജി. ശിവാനന്ദൻ ,പി.ജി.മോഹനൻ, എം.ആർ. ഭൂപേഷ് എന്നിവർ അവതരിപ്പിച്ചു. വിവിധ യൂണിയനുകളെ പ്രതിനിധീകരിച്ച് 275പേർ പങ്കെടുക്കുന്ന സമ്മേളനം ഇന്ന് സമാപിക്കും. ജില്ലാ ജനറൽ കൗൺസിൽ, ഭാരവാഹി തെരഞ്ഞെടുപ്പും ഇന്ന് നടക്കും.