ചാലക്കുടി: നഗരസഭയുടെ നോർത്ത് ബസ് സ്റ്റാൻഡ് ഉദ്ഘാടനം നീണ്ടുപോകുന്നു. വിവാദപരമ്പര സൃഷ്ടിച്ച ആനമല ജംഗ്ഷനിലെ ബസ് സ്റ്റാൻഡ് അഞ്ചു മാസം മുമ്പ് പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കാനാണ് മുൻപ് തീരുമാനിച്ചിരുന്നത്. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷിക ആഘോഷത്തിൽ ഉൾപ്പെടുത്തിയാകും ഉദ്ഘാടനമെന്നും പ്രഖ്യാപിച്ചിരുന്നു. പിന്നീടത് നീണ്ടുപോയി, ഒടുവിൽ പ്രളയക്കെടുതിയിൽ കുടുങ്ങി.

ഒരു വ്യാഴവട്ടക്കാലം മുമ്പ് നിർമ്മാണം ആരംഭിച്ച നഗരസഭയുടെ രണ്ടാം ബസ് സ്റ്റാൻഡാണ് ഇപ്പോഴും ജനങ്ങൾക്ക് ഉപകാരമില്ലാതെ കിടക്കുന്നത്. ഇപ്പോഴത്തെ എൽ.ഡി.എഫ് ഭരണസമിതി തുടർ പ്രവർത്തനങ്ങൾക്കായി ഏകദേശം ഒരുകോടി രൂപ ചെലവഴിച്ചു. ആർ.ടി.എ കമ്മിറ്റി നിബന്ധനകളാണ് സ്റ്റാൻഡിന്റെ പൂർത്തീകരണം വൈകിപ്പിച്ചത്.

ഇനി സ്റ്റാൻഡിലെ കവാടം പ്രധാന റോഡിന് അഭിമുഖമായി സ്ഥാപിക്കുന്നത് ഉൾപ്പെടെ ഏതാനും പ്രവൃത്തികൾ കൂടി ശേഷിക്കുന്നുണ്ട്. എം.എൻ. ശശിധരൻ ചെയർമാനായിരുന്ന കാലത്താണ് 25 ലക്ഷം രൂപ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നിർമ്മാണത്തിന് തുടക്കമിട്ടത്. അന്നത്തെ എൽ.ഡി.എഫ് ഭരണ സമിതിയുടെ അവസാന കാലത്ത് തുറന്നു കൊടുക്കാനുള്ള ശ്രമം നടന്നെങ്കിലും വിവാദത്തിൽ കുടുങ്ങി. ആവശ്യത്തിന് സ്ഥലമില്ലെന്ന ചില രാഷ്ട്രീയ പാർട്ടികളുടെ പരാതിയാണ് പ്രശ്‌നം വഷളാക്കിയത്.

തുടുർന്നുവന്ന ഭരണസമിതി ഇത് ശരിവച്ച് കഴിഞ്ഞ സർക്കാരിൽ നിന്നും 2.40 ഏക്കർ സ്ഥലത്ത് ബസ് സ്റ്റാൻഡ് പ്രവർത്തിക്കാനുള്ള പ്രത്യേക അനുമതിയും വാങ്ങി. പടിഞ്ഞാറെ ഭാഗത്തെ യാർഡ് കൂടി കോൺക്രീറ്റ് ചെയ്ത അവർ തുടർന്ന് സ്റ്റാൻഡിന്റെ പൂർത്തീകരണത്തിന് ഒന്നും ചെയ്തില്ല. തുടർന്നുവന്ന ഉഷ പരമേശ്വരൻ ചെയർമാനും വിൽസൺ പാണാട്ടുപറമ്പിൽ വൈസ് ചെയർമാനുമായ ഭരണ സമിതിയാണ് സ്റ്റാൻഡിന് പുറത്തെ അനുബന്ധ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കിയത്.

ബി.ഡി. ദേവസി എം.എൽ.എയും ഇതിനായി സഹായങ്ങൾ ചെയ്തു കൊടുത്തു. എന്നാൽ പ്രളയത്തിനു ശേഷം ബസ് സ്റ്റാൻ‌ഡിന്റെ തുടർ പ്രവർത്തനങ്ങൾ ഒന്നും നടന്നിട്ടില്ല. ഇതോടെ സ്റ്റാൻഡ് എന്ന് തുറന്നുകൊടുക്കുമെന്ന കാര്യം വീണ്ടും അനിശ്ചിതത്വത്തിലായി.

പൂർത്തിയായത്

 ട്രാംവേ റോഡ് വീതികൂട്ടി

 കച്ചവടക്കാരെ പുനരധിവസിപ്പിച്ചു

 റോഡ് ടൈൽസ് വിരിക്കൽ

 കാനമതിൽ നിർമ്മാണം

 റോഡിനരികിൽ സുരക്ഷ ഉറപ്പാക്കൽ

 സുരക്ഷിതമായ ഷെൽട്ടർ ഒരുക്കൽ

 യാത്രക്കാർക്ക് ഇരിപ്പട സൗകര്യം