ചാലക്കുടി: നോർത്ത് ചാലക്കുടി ബസ് സ്റ്റാൻഡിൽ തുടക്കമിട്ട പൊലീസ് കൺട്രോൾ റൂം ഇപ്പോഴും നോക്കുകുത്തി. പൊലീസിന്റെ ആവശ്യപ്രകാരം നഗരസഭ മുൻകൈയെടുത്ത് സ്ഥാപിച്ച കൺട്രോൾ റൂമാണ് മാസങ്ങളായി അനക്കമില്ലാതെ കിടക്കുന്നത്. നിരീക്ഷണ കാമറകളും മറ്റു സൗകര്യങ്ങളുമായി ഒരു വർഷം മുമ്പാണ് കൺട്രോൾ റൂമിന് തുടക്കമിട്ടത്. ഒരു എസ്.ഐക്ക് ഇതിന്റെ ചുമതല നൽകുകയും ചെയ്തു. വാഹന സൗകര്യവും ഏർപ്പാടാക്കി. എന്നാൽ രണ്ടു മാസം പിന്നിട്ടപ്പോൾ ജില്ലാ റൂറൽ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം കൺട്രോൾ റൂമിൽ നിന്നും എസ്.ഐയെ പിൻവലിച്ചു. ഇതു ചർച്ചയായപ്പോൾ തീരുമാനം മാറ്റുമെന്ന് ചാലക്കുടി ഡിവൈ.എസ്.പി പറഞ്ഞിരുന്നു. എന്നാൽ ഒന്നും സംഭവിച്ചില്ല. ഇപ്പോൾ ഇവിടം കൂടുതൽ ഭീതിയുണർത്തുന്ന അന്തരീക്ഷമായി തുടരുകയാണ്. രാത്രിയിൽ സാമൂഹിക വിരുദ്ധരുടെ വിളയാട്ടുകേന്ദ്രമായി ബസ് സ്റ്റാൻഡും പരിസരവും മാറുന്നുണ്ട്. പൊലീസുകാരുടെ എണ്ണക്കുറവ് മൂലമാണ് കൺട്രോൾ റൂം നിറുത്തിയതെന്നാണ് മേൽ ഉദ്യോഗസ്ഥരുടെ അനൗദ്യോഗിക വിശദീകരണം.