തൃശൂർ : ജില്ലയെ പുനർനിർമ്മിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന 'വീണ്ടെടുപ്പ്' സാംസ്‌കാരിക പരിപാടികളുടെ ഉദ്ഘാടന ചടങ്ങിനായി തൃശൂർ ടൗൺ ഹാൾ രാവിലെ തന്നെ സുന്ദരിയായിക്കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടകൻ. സുരക്ഷാ വിലയിരുത്തലിന്റെ ഭാഗമായി ഹാൾ അരിച്ചുപെറുക്കുകയാണ് പൊലീസ്. അതിനിടെയാണ് പരിപാടി തത്സമയം കാണാനായി ഹാളിന്റെ പുറത്ത് എൽ.ഇ.ഡി വാൾ സ്ഥാപിക്കുകയായിരുന്ന തൃശൂർ സ്വദേശിയുടെ ഷർട്ടിലേക്ക് പൊലീസ് കണ്ണുകളെത്തിയത്. ഷർട്ടിന്റെ നിറം കറുപ്പ്. പോരെ പുകിലിന്. യുവാവിന് മനസ് മാറി ഷർട്ടൂരി മുഖ്യമന്ത്രിയെ കാണിച്ചാൽ സംഗതി 'കരിങ്കൊടിയാകും". ഇതോടെ പൊലീസ് യുവാവിനെ വട്ടം ചുറ്റി. മുഖ്യമന്ത്രി എത്തുംമുമ്പ് കറുത്ത ഷർട്ട് മാറ്റാനായിരുന്നു ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശം.
എന്നാൽ ഈ ഷർട്ട് ധരിച്ചതിന് പിന്നിൽ പ്രത്യേകിച്ച് ലക്ഷ്യമൊന്നുമില്ലെന്ന് യുവാവ് പറഞ്ഞെങ്കിലും പൊലീസ് കൂട്ടാക്കിയില്ല. വേറെ നിവൃത്തിയില്ലാതായതോടെ യുവാവ് സഹോദരനെ ഫോണിൽ വിളിച്ച് മറ്റൊരു കളർ ഷർട്ട് കൊണ്ടുവരാൻ നിർദ്ദേശിച്ചു. തുടർന്ന് പുറത്തേക്കിറങ്ങി. ഭാഗ്യത്തിന് മുഖ്യമന്ത്രിയെത്തുന്നതിന് മുമ്പ് സഹോദരൻ ഷർട്ടുമായെത്തി. സഹോദരൻ കൊണ്ടു വന്ന ഷർട്ട് ധരിച്ച് ഹാളിലേക്ക് തിരിച്ചു കയറി.
ശബരിമല പ്രശ്നം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് മുഖ്യമന്ത്രിക്ക് ഇവിടെ ഒരുക്കിയത്. സുരക്ഷാ പരിശോധനകളോടെയാണ് ജനങ്ങളെ ടൗൺഹാളിലേക്ക് പ്രവേശിപ്പിച്ചത്. ടൗൺഹാളിൽ ഇരിക്കാൻ ഇടമില്ലാതെ ജനങ്ങൾ തിങ്ങി പുറത്ത് നിറഞ്ഞു. നാല് മന്ത്രിമാരും എം.പിമാരും എം.എൽ.എമാരും ഉന്നത ഉദ്യോഗസ്ഥരും സാഹിത്യ, സംഗീതനാടക, ലളിതകലാ അക്കാഡമി ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തിരുന്നു.