തൃശൂർ: കേരളത്തെ പ്രളയത്തിൽ നിന്ന് കൈപിടിച്ചു കയറ്റാനല്ല, കൂടുതൽ തള്ളിത്താഴേക്കിടാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയശേഷം ജില്ലയെ പുനർനിർമ്മിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന 'വീണ്ടെടുപ്പ്' സാംസ്‌കാരിക പരിപാടികളുടെ പ്രാരംഭമായി 'പ്രളയാക്ഷരങ്ങൾ' പുസ്തക പ്രകാശനവും സെമിനാർ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളം പുനർനിർമിക്കപ്പെട്ടുകൂടാ എന്നൊരു മനോഭാവം കേന്ദ്രസർക്കാരിനുണ്ടെന്ന് നിലപാടുകൾ സൂചിപ്പിക്കുന്നു. മുൻപേ ഇത് പ്രകടമായിരുന്നു. തിന്നുകയുമില്ല, തീറ്റിക്കുകയുമില്ല എന്നതാണ് മനോഭാവം. യു.എ.ഇ മനസറിഞ്ഞ് സഹായിക്കാനൊരുങ്ങിയപ്പോൾ തടസം നിന്നു. ഗുജറാത്തിൽ ദുരന്തമുണ്ടായപ്പോൾ ഇക്കൂട്ടർ വിദേശസഹായം സ്വീകരിച്ചതാണ്. കേരളത്തിന്റെ കാര്യത്തിൽ എന്തേ ഇത് ബാധകമല്ല? പ്രവാസി മലയാളികളിൽനിന്നു സഹായം സ്വീകരിക്കാൻ മന്ത്രിമാർ വിദേശയാത്രയ്‌ക്കൊരുങ്ങിയപ്പോഴും തടഞ്ഞു. ഇന്നത്തെ കേരളസൃഷ്ടിയിൽ പൊതുപ്രസ്ഥാനങ്ങൾക്കെല്ലാം പങ്കുണ്ട്. ഒരുകൂട്ടർക്കു മാത്രം പങ്കില്ല. അത് ആർ.എസ്.എസും ബി.ജെ.പിയുമാണ്. കേന്ദ്രം ഭരിക്കുന്ന സർക്കാരിനെ കൂട്ടുപിടിച്ച് ഏതെല്ലാം കാര്യങ്ങളിൽ ഉടക്ക് ഉണ്ടാക്കാമോ അതിനെല്ലാം ശ്രമിക്കുന്നു. ബി.ജെ.പി എന്തെങ്കിലും പറഞ്ഞാൽ പിന്തുണയ്ക്കാതിരിക്കാൻ കഴിയാത്ത അവസ്ഥയിലാണ് പ്രതിപക്ഷനേതാവ്. ദുരന്തത്തിൽ നിന്ന് അതിജീവിക്കുന്ന കാര്യത്തിൽ ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ വേർതിരിവു പാടില്ല. പക്ഷേ, നാടിനെ തകർക്കാനും ഭിന്നിപ്പിക്കാനും ശ്രമം നടക്കുന്നു. സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം തീയിട്ട സംഭവമുണ്ടായി. അരക്കില്ലം പോലെ ചുടാനായിരുന്നു ശ്രമം.

പ്രളയകാലത്താണ് കേരളത്തിലെ മതേതര മനസ്സ് ഉണർന്ന് പ്രവർത്തിച്ചത്. കേരളത്തിലെ ആരാധനാലയങ്ങൾ പോലും ദുരിതാശ്വാസ ക്യാമ്പുകളാക്കി മാറ്റിയത് മതനിരപേക്ഷതയ്ക്ക് വലിയൊരു മാതൃകയാണ്. കേരളത്തിലെ പ്രളയദുരന്തം ഇവിടെ മാത്രം ഒതുങ്ങുന്നതല്ല. അതിനെ ഗൗരവത്തോടെ കാണാൻ നമുക്കൊപ്പം മറ്റുള്ളവർക്കും സാധിച്ചിട്ടുണ്ട്. പല നാടുകളും വളരെ ഉത്കണ്ഠയോടെയാണ് കേരളത്തിനൊപ്പം നിന്നത്. ഇത് കേരളത്തിന്റെ അതിജീവനത്തിന് കരുത്തു പകർന്നു. നാടിനെ പുനർ നിർമ്മിക്കാൻ ഒറ്റക്കെട്ടാവണം. ചെറിയ കുട്ടികൾ മുതൽ പെൻഷൻകാർ വരെ ഈ ഉദ്യമത്തിൽ പങ്കാളികളാകണം. യു.എൻ. കണക്കനുസരിച്ച് 31, 000 കോടി രൂപയാണ് കേരളത്തിന്റെ പുനർനിർമ്മിതിക്ക് ആവശ്യമായി വരുന്നത്. ഇതിൽ 4000 കോടി രൂപയിലധികവും അർഹർക്ക് ലഭിക്കാനുള്ളതാണ്. ഇത് അർഹർക്ക് ലഭിക്കുന്ന തരത്തിലാണ് സർക്കാർ ഇടപെടുക.

'പ്രളയാക്ഷരങ്ങൾ' വിറ്റുകിട്ടുന്ന പണം കൊണ്ട് തൃശൂരിലെ വീട് നഷ്ടപ്പെട്ടവർക്ക് വീടുവെച്ചു കൊടുക്കാനുള്ള ഉദ്യമം സർക്കാർ നടപ്പിലാക്കുമെന്നും സംസ്ഥാനത്തൊട്ടാകെ നവകേരള പുനർനിർമ്മിതിക്ക് ഇത്തരം സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സാംസ്‌കാരിക മന്ത്രി എ.കെ. ബാലൻ അദ്ധ്യക്ഷനായി. പ്രളയ ദുരന്തവുമായി ബന്ധപ്പെട്ട് സുരക്ഷാപ്രവർത്തനം, പുനരധിവാസം എന്നിവയെല്ലാം ലേകശ്രദ്ധയാകർഷിക്കുന്ന വിധത്തിൽ ചെയ്യാൻ സർക്കാരിനായത് ജനങ്ങളുടെ ശക്തമായ ഇടപെടലിലൂടെയാണെന്ന് അദ്ദേഹം പറഞ്ഞു. 'പ്രളയാക്ഷരങ്ങൾ' പുസ്തകം മന്ത്രി എ.സി. മൊയ്തീൻ മുഖ്യമന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി. മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ആമുഖ പ്രഭാഷണം നടത്തി. മന്ത്രി വി.എസ്. സുനിൽകുമാർ സ്വാഗതം പറഞ്ഞു.