വടക്കാഞ്ചേരി: നിപ്പ വൈറസ് പോലുള്ള മാരകരോഗങ്ങളെ പ്രതിരോധിക്കാനും പടരാതിരിക്കാനും കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ഗവർണർ പി. സദാശിവം. രോഗങ്ങളെ ചെറുക്കാൻ സമഗ്രവും കുറ്റമറ്റതുമായ ആരോഗ്യനയത്തിന് രൂപം നൽകണം. ആരോഗ്യമേഖലയിൽ രാജ്യത്തിന് മാതൃകയായ കേരളത്തിന് ഇത് ബുദ്ധിമുട്ടുള്ള കാര്യമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മനുഷ്യാവകാശ സംരക്ഷണത്തിലും ആരോഗ്യ രംഗത്തും കേരളത്തിന്റെ പുരോഗതി രാജ്യത്തിന് മാതൃകയാണ്. കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയിൽ നടന്ന പ്രിൻസിപ്പൽമാരുടെ കോൺഫറൻസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു സർവകലാശാല ചാൻസലർ കൂടിയായ ഗവർണർ. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ഷൈലജ അദ്ധ്യക്ഷയായി. അനിൽ അക്കര എം.എൽ.എ, വൈസ് ചാൻസലർ ഡോ.. എം.കെ.സി. നായർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എം.എ. ആൻഡ്രൂസ് തുടങ്ങിയവർ പ്രസംഗിച്ചു.
പ്രോ വൈസ് ചാൻലർ ഡോ. എ. നളിനാക്ഷൻ സ്വാഗതവും രജിസ്ട്രാർ ഡോ. എം.കെ. മംഗളം നന്ദിയും പറഞ്ഞു. ആരോഗ്യ സർവകലാശാല ബി.പി.എൽ വിദ്യാർത്ഥികൾക്കായി ഏർപ്പെടുത്തിയ ധനസഹായ വിതരണവും അദ്ധ്യാപകർക്കുള്ള അവാർഡും ഗവർണർ വിതരണം ചെയ്തു. ഡോക്ടർമാരായ സി.പി. വിജയൻ, ബി. ശ്യാമള, ടി.ആർ. ശ്രീദേവി, വിനോദ് കൃഷ്ണൻ, ലിൻസി ജോസഫ്, പ്രൊഫ. അനില പോൾ തുടങ്ങിയവർ പുരസ്കാരം ഏറ്റുവാങ്ങി.
പ്രളയാനന്തര ശാരീരിക മാനസിക പ്രശ്‌നങ്ങൾ സാഹചര്യവിശകലനവും പ്രതിവിധികളും, ശിൽപ്പശാലയുടെ റിപ്പോർട്ട്, നിപ്പ വൈറസ് രോഗനിയന്ത്രണം ലോകത്തിനൊരു മാതൃക, കുടുംബാരോഗ്യ കൗൺസിലർ എന്ന മലയാളം ജേർണൽ പ്രകാശനം, പി.ജി. തിസീസ് സംക്ഷിപ്ത രൂപം കൈപ്പുസ്തക പ്രകാശനം, ഏകീകൃത തിരിച്ചറിയൽ കാർഡ് വിതരണം എന്നിവയും ചടങ്ങിൽ നടന്നു.