വടക്കാഞ്ചേരി: സംസ്ഥാനത്തെ 4 മെഡിക്കൽ കോളേജുകളിൽ വിദ്യാർത്ഥികളുടെ പ്രവേശന അംഗീകാരം റദ്ദാക്കിയ സുപ്രീം കോടതി വിധി ഏറെ വേദനാജനകമാണെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. 4 കോളേജുകളിലായി 550 മെഡിക്കൽ വിദ്യാർത്ഥികളുടെ ഭാവിയാണ് ഇതോടെ ഇരുട്ടിലായത്. മെഡിക്കൽ പ്രവേശനം റദ്ദുചെയ്ത കോടതി നടപടിയെ കുറിച്ച് മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. സംഭവം ഏറെ ദുഃഖകരമെങ്കിലും സുപ്രീം കോടതിയെടുത്ത തീരുമാനത്തിൽ തനിക്കൊന്നും പറയാനില്ലെന്നും മന്ത്രി പറഞ്ഞു. മുളങ്കുന്നത്തുകാവ് ആരോഗ്യ സർവകലാശാലയിൽ നടക്കുന്ന മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാരുടെ കോൺഫറൻസിൽ പങ്കെടുക്കാനെത്തിയതായിരുന്നു ആരോഗ്യ മന്ത്രി.