ചാലക്കുടി: ചാലക്കുടിയിലെ ആധുനിക പാർക്ക് നിർമ്മാണം മെല്ലെപ്പോക്കിൽ. പ്രളയത്തിന് ശേഷമുള്ള പ്രവർത്തനങ്ങളാണ് അവതാളത്തിലായത്. ഇഴഞ്ഞു നീങ്ങുന്ന നിർമ്മാണ പ്രവൃത്തികൾ എന്നുതീരുമെന്ന് നഗരസഭ അധികൃതർക്ക് പറയാനാവുന്നില്ല. ആറുമാസത്തിനുള്ളിൽ ആധുനിക പാർക്ക് നാടിന് സമർപ്പിക്കുമെന്നാണ് കരാറിൽ വ്യക്തമാക്കിയിരുന്നത്.
2017 നവംബറിലാണ് നിർമ്മാണ പ്രവർത്തനങ്ങളുടെ തുടക്കം. എന്നാൽ തുടർന്നുള്ള പ്രവർത്തങ്ങൾ മന്ദഗതിയിലായി. കോഴിക്കോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഊരാളുങ്കൽ ബേബർ കോൺട്രാക്ടേഴ്‌സ് സഹകരണ സംഘത്തിനാണ് നിർമ്മാണ ചുമതല. ഇതിനിടെ ഇവരുമായുള്ള കരാറിന്റെ കാലാവധി ഒന്നര വർഷമാക്കി നീട്ടുകയും ചെയ്തു. നിശ്ചലാവസ്ഥയിൽ മാസങ്ങൾ പിന്നിട്ടപ്പോൾ പാർക്ക് പ്രശ്‌നത്തിൽ പ്രതിപക്ഷമായ യു.ഡി.എഫ് ആരോപണങ്ങളുമായി രംഗത്തെത്തെത്തിയിരുന്നു. പിന്നീടാണ് ചുറ്റുമതിൽ നിർമ്മാണം പൂർത്തിയാക്കിയത്. ഇതിനിടെയാണ് പ്രളയത്തിന്റെ വരവ്.
............................
പാർക്കിനായി നാലു കോടി രൂപ
നാല് കോടി രൂപ ചെലവിലണ് പഴയ റിഫ്രാക്ടറീസ് കമ്പനി വളപ്പിൽ ആധുനിക പാർക്ക് ആരംഭിക്കുന്നത്. ഒന്നാംഘട്ട നിർമ്മാണത്തിന് മൊത്തം നാലു കോടി രൂപ ചെലവു വരും. ഇതിൽ മൂന്നു കോടി രൂപ ടൂറിസം വകുപ്പും ബാക്കി ഒരുകോടി ചാലക്കുടി നഗരസഭയുമാണ് വിനിയോഗിക്കുന്നത്. രണ്ടാംഘട്ടമായി ടൂറിസം വകുപ്പ് രണ്ടു കോടി രൂപ കൂടി നൽകും. കുട്ടികളുടെ നീന്തൽക്കുളം, നടപ്പാതകൾ, വിശ്രമകേന്ദ്രങ്ങൾ, പൂന്തോട്ടം, ഭക്ഷണ ശാലകൾ എന്നിവ ആധുനിക പാർക്കിന്റെ ഭാഗമാണ്.