തൃശൂർ: ജനറൽ ആശുപത്രിയുടെ സമഗ്ര വികസനത്തിനായി ആറ് മാസത്തിനുള്ളിൽ കിഫ്ബി ഫണ്ട് ലഭ്യമാക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ. ജനറൽ ആശുപത്രിയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഒ.പി വെയിറ്റിംഗ് റൂം, ബ്ലഡ് ബാങ്ക് സെപറേഷൻ, കാഷ്വാലിറ്റിയുടെ വികസനം എന്നീ പ്രവൃത്തികൾ ആശുപത്രി വികസനത്തിൽ ഉൾപ്പെടുത്തും.

അനസ്‌തേഷ്യസ്റ്റ് ഉൾപ്പെടെ ആവശ്യമായ സ്റ്റാഫിനെ നിയമിക്കും. കാർഡിയോളജി, നെഫ്രോളജി, ന്യൂറോളജി യൂണിറ്റുകൾ ആശുപത്രിയിൽ സജ്ജീകരിക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു. മേയ് മാസത്തിനുള്ളിൽ ജനറൽ ആശുപത്രിയിൽ കാത്ത്‌ലാബ് ഒരുക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. മന്ത്രി വി.എസ്. സുനിൽ കുമാർ യോഗത്തിൽ അദ്ധ്യക്ഷനായി. ഡെപ്യൂട്ടേഷനിൽ പോയ ജീവനക്കാരെ തിരികെ കൊണ്ടുവരാനും യോഗത്തിൽ തീരുമാനമായി.

7.25 കോടി രൂപ വനിതകളുടെയും കുട്ടികളുടെയും വാർഡിന്റെ വികസനത്തിന് അനുവദിച്ചിട്ടുണ്ട്. ഇതിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. 9.25 കോടി രൂപ ആശുപത്രി വികസനത്തിന്റെ രണ്ടാംഘട്ടത്തിന് അനുവദിച്ചു. ആശുപത്രി വികസനത്തിന്റെ മാസ്റ്റർ പ്ലാൻ ഉടൻ സമർപ്പിക്കും. ഓപറേഷൻ തിയേറ്ററിന്റെ പ്രവർത്തനം മെച്ചപ്പെടുത്തണമെന്നും രോഗികൾക്ക് ഓപ്പറേഷൻ നടത്തുന്നതിനാവശ്യമായ പരമാവധി സൗകര്യം എർപ്പെടുത്തണമെന്നും തീരുമാനമെടുത്തു.

മേയർ അജിത ജയരാജൻ, ഡെപ്യൂട്ടി മേയർ ബീന മുരളി, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. റീന, കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എം.എൽ. റോസി, ഡി.എം.ഒ ഇൻ ചാർജ് ബേബി ലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.