തൃശൂർ: ഭിന്നശേഷിക്കാർക്ക് അതിജീവനത്തിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കാൻ മോദി സർക്കാർ പ്രതിജ്ഞാ ബദ്ധമാണെന്ന്‌ കേന്ദ്ര സാമൂഹിക നീതി വകുപ്പ് സഹമന്ത്രി വിജയ് സാംബ്ല. കേന്ദ്ര സർക്കാരിന്റെ സാമൂഹിക ക്ഷേമ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ അലിംകോയുമായി ചേർന്ന് നടത്തിയ 'സാന്ത്വനം 2018' വടക്കുന്നാഥ ക്ഷേത്ര മൈതാനിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഭിന്നശേഷിക്കാർക്കാവശ്യമായ ഉപകരണങ്ങൾ നിർമ്മിക്കുന്നതിന് ജർമ്മനി ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളുമായി സർക്കാർ ധാരണയുണ്ടാക്കിയിട്ടുണ്ട്. ബി.ജെ.പി സർക്കാർ അധികാരമേറ്റ ശേഷം രാജ്യത്താകമാനം ഇത്തരം ഏഴായിരം ക്യാമ്പുകൾ വഴി നാലു ലക്ഷത്തോളം പേർക്ക് ആവശ്യമായ ഉപകരണങ്ങൾ വിതരണം ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
തൃശൂർ ജില്ലയിലെ 1638 ഭിന്നശേഷിക്കാർക്ക് ആവശ്യമായ അടിസ്ഥാന ഉപകരണങ്ങളുടെ വിതരണമാണ് നടത്തിയത്. കൃഷി മന്ത്രി അഡ്വ. വി.എസ്. സുനിൽ കുമാർ, എം.പിമാരായ സി.എൻ. ജയദേവൻ, പ്രൊഫ. റിച്ചാർഡ്‌ ഹേ, കളക്ടർ ടി.വി. അനുപമ, ജില്ലാ സോഷ്യൽ ജസ്റ്റിസ് ഓഫീസർ സുലക്ഷണ, എ.എൻ. രാധാകൃഷ്ണൻ, എ. നാഗേഷ്, ബി. രാധാകൃഷ്ണമേനോൻ, അഡ്വ. ബി. ഗോപാലകൃഷ്ണൻ, ഉല്ലാസ് ബാബു തുടങ്ങിയവർ സംസാരിച്ചു.