തൃശൂർ: കാമുകനുമായി ഒന്നിച്ചു ജീവിക്കാൻ ഭർത്താവിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയ സംഭവത്തിൽ ഭാര്യയും കാമുകനും ക്വട്ടേഷൻ സംഘങ്ങളും അറസ്റ്റിൽ. തിരൂർ സ്വദേശിയും രണ്ട് കുട്ടികളുടെ മാതാവുമായ സുജാത, കാമുകനും കോഴിക്കോട് സ്വദേശിയും ബസ് ഡ്രൈവറുമായ സുരേഷ് ബാബു, സുഹൃത്ത് ഷൊർണൂർ സ്വദേശി ബിനു (ഓമനക്കുട്ടൻ), ആറ്റൂർ സ്വദേശി സജിത്ത്, വരവൂർ സ്വദേശി മുല്ല നസിറുദീൻ, ദേശമംഗലം തലശേരി സ്വദേശി മുഹമ്മദലി എന്നിവരെയാണ് വിയ്യൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 22ന് പുലർച്ചെ തിരൂരിൽ വച്ചായിരുന്നു സംഭവം.

സുജാതയുടെ ഭർത്താവ് കൃഷ്ണകുമാറിനെ (54) ആണ് സംഘം കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. അപകടത്തിൽ കാലിന്റെ എല്ലൊടിഞ്ഞ് ഗുരുതരാവസ്ഥയിൽ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ് കൃഷ്ണകുമാർ. പരാതിയുടെ അടിസ്ഥാനത്തിൽ വാഹനം മനഃപൂർവം ഇടിച്ചതാണെന്നും ദുരൂഹതയുണ്ടെന്നുമുള്ള മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ഭാര്യക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്നും ഇതേത്തുടർന്ന് ചില പ്രശ്‌നങ്ങൾ ഉണ്ടായിട്ടുള്ളതായും പൊലീസിനെ ധരിപ്പിച്ചിരുന്നു. ഇതേ പിന്തുടർന്നായിരുന്നു അന്വേഷണവും. അപകടത്തിനിടയാക്കിയ വാഹനത്തെക്കുറിച്ച് അന്വേഷിച്ചതിലാണ് ഭാര്യ നൽകിയ ക്വട്ടേഷനാണെന്ന് വ്യക്തമായത്. കമ്മിഷണർ ജി.എച്ച്. യതീഷ് ചന്ദ്രയുടെയും, അസി.കമ്മിഷണർ വി.കെ. രാജുവിെന്റയും നിർദ്ദേശാനുസരണം വിയ്യൂർ എസ്.ഐ: ഡി. ശ്രീജിത്ത്, ആന്റോ, എ.പി. മുകുന്ദൻ, എ.എസ്.ഐ: സെൽവകുമാർ, എസ്.പി.ഒ: മനോജ്, സി.പി.ഒമാരായ അരുൺ, ഐ.ജി: സതീഷ്, മനീഷ്, രമ്യ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

 നാല് ലക്ഷവും, ആൾട്ടോ കാറും ആഭരണങ്ങളും ക്വട്ടേഷൻ
കാമുകനൊപ്പം ജീവിക്കാൻ സുജാത ഭർത്താവിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയത് നാല് ലക്ഷം രൂപയ്ക്കും, ആൾട്ടോ കാറിനും, ആഭരണങ്ങൾക്കും. 17ഉം, 11ഉം വയസുള്ള രണ്ട് കുട്ടികളുടെ അമ്മയാണ് കൃത്യത്തിന് നേതൃത്വം നൽകിയത്. കോഴിക്കോട് സ്വദേശിയായ കാമുകൻ സുരേഷ്ബാബു ഏറെ നാളായി തിരൂരിൽ വാടകയ്ക്ക് താമസിക്കുകയാണ്. മെഡിക്കൽ കോളേജ് റൂട്ടിലെ ബസ് ഡ്രൈവറാണ്. യാത്രയ്ക്കിടയിലെ പരിചയം മൂലമാണ് ഇവർ തമ്മിൽ അടുക്കുന്നത്.

പലവട്ടം ഈ ബന്ധം ചോദ്യം ചെയ്ത കൃഷ്ണകുമാർ തടസമാകുമെന്ന് വിലയിരുത്തിയാണ് കൊലപ്പെടുത്താൻ തീരുമാനിച്ചത്. ഇതിനായി സുരേഷ് ബാബുവാണ് സുഹൃത്തും ബസ് ഡ്രൈവറുമായ ഷൊർണൂർ സ്വദേശി ബിനുവിനെ (ഓമനക്കുട്ടൻ) ക്വട്ടേഷൻ ഏൽപ്പിച്ചത്. സുഹൃത്തുക്കളായ സജിത്തിനെയും മുല്ല നസിറുദീൻ, മുഹമ്മദലിയെയും കൂടെ കൂട്ടുകയായിരുന്നു. നാല് ലക്ഷവും, ആൾട്ടോ കാറും, ആഭരണങ്ങളും പ്രതിഫലമായി നൽകാമെന്ന് സുജാതയാണ് സംഘത്തിന് ഉറപ്പ് നൽകിയത്. ആദ്യഗഡുവായി 10,000 ആലോചനാ സമയത്ത് തന്നെ നൽകുകയും ചെയ്തു. കൃഷ്ണകുമാറിന്റെ വിവിധ തരത്തിലുള്ള ഫോട്ടോകൾ , യാത്രകൾ ഉൾപ്പെടെ കൃത്യമായ വിവരങ്ങളും അടയാളങ്ങളും സുരേഷ് ബാബുവിന് നൽകിക്കൊണ്ടിരുന്നു.

ദിവസവും കൃഷ്ണകുമാർ നടക്കാനിറങ്ങുന്നതായിരുന്നു ലക്ഷ്യം. ഇക്കഴിഞ്ഞ 22ന് ദിവസം തിരഞ്ഞെടുത്തു. പക്ഷേ, കൃഷ്ണകുമാർ നടക്കാൻ പോയിരുന്നില്ല, പകരം പറവൂരിലെ തറവാട്ട് വീട്ടിലേക്ക് പോകുന്നതിന് പുലർച്ചെയിറങ്ങി. ബസ് കയറാനായി തിരൂരിൽ റോഡരികിലൂടെ നടക്കുമ്പോൾ അപകടപ്പെടുത്താൻ സംഘം കാത്തിരുന്നു. അപ്രതീക്ഷിതമായി റോഡ് മുറിച്ച് കടന്നതോടെ മുൻവശം വച്ചുള്ള ഇടി നടന്നില്ല. പകരം മുന്നിലേക്ക് പോയി വീണ്ടും പിറകിലേക്ക് വന്ന് ഇടിക്കുകയായിരുന്നു. ഇടിയിൽ തെറിച്ചു വീണ് കാലിനാണ് പരിക്കേറ്റത്. അപായപ്പെടുത്താൻ ഉപയോഗിച്ച കാറിനെ കുറിച്ച് പൊലീസിന് കൃഷ്ണകുമാർ വിവരം നൽകിയതിലായിരുന്നു അന്വേഷണം.