മാള: കയറ്റിക്കിടത്താൻ ഇടമില്ലാതെ മാള കെ. കരുണാകരൻ സ്മാരക സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ആംബുലൻസ് വെയിലും മഴയും കൊണ്ടുകിടക്കുന്നു. മാസങ്ങളായി ഒരു ആംബുലൻസ് പുറത്തുകിടക്കുകയാണ്. ആശുപത്രിലെ പുതുതായി ലഭിച്ച ഒരു ആംബുലൻസിന് മാത്രമാണ് ഷെഡിൽ ഇടമുള്ളത്. പുതിയ ഒ.പി കെട്ടിടത്തിന് മുന്നിൽ മഴയും വെയിലും കൊണ്ടുകിടക്കുകയാണ് പഴയ ആംബുലൻസ്. ഇപ്പോഴും രോഗികളെ കൊണ്ടുപോകാൻ കൂടുതലായി ഉപയോഗിക്കുന്നത് ഈ ആംബുലൻസാണ്.
ഒരു താത്കാലിക സംവിധാനമെങ്കിലും ഒരുക്കി ആംബുലൻസ് സംരക്ഷിക്കാൻ അധികൃതർ തയ്യാറായിട്ടില്ല. ആംബുലൻസ് കയറ്റിയിടാൻ സ്ഥിരം സൗകര്യം ഒരുക്കുമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും അതുവരെ താത്കാലിക ഇടം കണ്ടെത്താനായിട്ടില്ല. മഴയും വെയിലുമേറ്റ് ആംബുലൻസ് തുരുമ്പെടുക്കുന്ന അവസ്ഥയിലേക്ക് മാറുമെന്നാണ് ആശങ്കയുള്ളത്. ഭൗതിക സാഹചര്യങ്ങൾ ഏറെ മെച്ചപ്പെട്ട ഈ ആതുരാലയത്തിൽ ആംബുലൻസിന് സുരക്ഷിതമായി കിടക്കാൻ ഇടമില്ലാത്ത അവസ്ഥയാണ്.