ചാവക്കാട് : മദ്യലഹരി പൂണ്ടാൽ സ്വദേശിയായാലും വിദേശിയായാലും എന്തൊക്കെ ചെയ്യുമെന്ന് ആർക്കും പറയാനാകില്ല. അത്തരമൊരു സംഭവത്തിനാണ് കഴിഞ്ഞ ദിവസം രാത്രി അഞ്ചങ്ങാടിയിലുള്ള എ.ടി.എം സാക്ഷിയായത്. ബീഹാർ സ്വദേശി ശ്രാവൺ (28) ആണ് മദ്യലഹരിയിൽ കടപ്പുറം അഞ്ചങ്ങാടിയിൽ എസ്.ബി.ഐയുടെ എ.ടി.എം മെഷീന്റെ മോണിട്ടർ തകർത്തത്. സി.സി ടി.വി ദൃശ്യങ്ങളിൽ നിന്ന് തിരിച്ചറിഞ്ഞ പ്രതിയെ പൊലീസ് ഒടുവിൽ പിടികൂടിയത് 'കള്ള് ഷാപ്പിൽ" നിന്ന്.
പതിനേഴ് വർഷമായി ചാവക്കാട് മേഖലയിൽ ജോലിചെയ്യുന്ന ശ്രാവൺ കഴിഞ്ഞ ദിവസം രാത്രി 11.30നും 11.45നും ഇടയിലാണ് എ.ടി.എം കൗണ്ടറിലെത്തിയത്. തുടർന്ന് മോഷണത്തിന് ശ്രമിച്ചെങ്കിലും വിഫലമായി. ഇതോടെയാണ് മെഷീന്റെ മോണിട്ടർ കല്ലിന് എറിഞ്ഞ് തകർത്ത്.
രാവിലെ ആറോടെ കൗണ്ടറിലെത്തിയ ഇടപാടുകാരാണ് എ.ടി.എം മെഷീൻ തകർത്ത വിവരം ആദ്യം കണ്ടത്. തുടർന്ന് ബാങ്ക് അധികൃതരെ വിവരമറിയിച്ചു. ഇവരുടെ പരാതിയിലാണ് ചാവക്കാട് പൊലീസ് സ്ഥലത്തെത്തിയത്. എന്നാൽ ഉൾപ്രദേശത്തുള്ള ഈ എ.ടി.എമ്മിൽ മിക്കപ്പോഴും പണം ഉണ്ടാകാറില്ലെന്ന് ആരോപണം നിലവിലുള്ളതിനാൽ ഇടപാടിനെത്തിയ ആരെങ്കിലും സ്ക്രീൻ തകർത്തതാകാമെന്നാണ് പൊലീസ് ആദ്യം കരുതിയത്. എന്നാൽ എ.ടി.എം കൗണ്ടറിലെ സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോണിട്ടർ എറിഞ്ഞ് തകർത്ത് മോഷണത്തിന് ശ്രമിച്ചതാണെന്ന് തിരിച്ചറിഞ്ഞത്.
തുടർന്ന് ശ്രാവൺ ഓട്ടോറിക്ഷയിലാണ് അഞ്ചങ്ങാടിയിൽ എത്തിയതെന്ന് സി.സി.ടി.വി ദൃശ്യങ്ങളും ലഭിച്ചു. നാട്ടുകാരുടെ സഹായത്തോടെ പൊലീസ് തെരച്ചിൽ മണിക്കൂറുകൾക്കുള്ളിൽ ചാവക്കാട് ബീച്ചിലെ കള്ള്ഷാപ്പിൽ നിന്ന് പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. ആ സമയത്തും ഇയാൾ മദ്യ ലഹരിയിലായിരുന്നു.
ശ്രാവണിന്റെ പേരിൽ വേറെ കേസുകൾ നിലവിലുണ്ടോ എന്നും, പിന്നിൽ വൻ കവർച്ചാ സംഘം പ്രവർത്തിക്കുന്നുണ്ടോ എന്നും പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. അതേസമയം എ.ടി.എമ്മിൽ 17 ലക്ഷം രൂപയുണ്ടായിരുന്നെന്നും പണം നഷ്ടപ്പെട്ടിട്ടില്ലെന്നുമാണ് ബാങ്ക് അധികൃതർ നൽകുന്ന വിവരം.