atm
.

തൃശൂർ: ഒരു മാസത്തിനിടെ നാലാം തവണയും ജില്ലയിലെ എ.ടി.എം യന്ത്രങ്ങൾ തകർത്ത് കവർച്ചയും കവർച്ചാശ്രമങ്ങളും നടന്നതോടെ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിലുളള ബാങ്ക് അധികൃതരുടെ അലംഭാവം കൂടുതൽ തെളിഞ്ഞു. നാട്ടിക, കൊരട്ടി, കിഴക്കുംപാട്ടുകര എന്നിവിടങ്ങളിലുണ്ടായ എ.ടി.എം കവർച്ചകൾക്കും കവർച്ചാശ്രമങ്ങൾക്കും ഒടുവിലാണ് ഇന്നലെ ചാവക്കാട്ട് എ.ടി.എം തകർത്ത് പണം കവരാൻ ശ്രമമുണ്ടായത്. കാമറകൾ നിർബന്ധമായും പ്രവർത്തിപ്പിക്കണമെന്നും ഡാറ്റാ ബാക്ക് അപ്പ് ഉണ്ടാകണമെന്നും പൊലീസ് കർശന നിർദ്ദേശം നൽകിയിട്ടും ബാങ്ക് അധികൃതരിൽ പലരും തയ്യാറാവുന്നില്ലെന്നാണ് ആക്ഷേപം. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി സെക്യൂരിറ്റി ജീവനക്കാരെയും നിയോഗിക്കാൻ മടിക്കുന്നു. സുരക്ഷാ ജീവനക്കാരെ നിയമിക്കുക, കൗണ്ടറിന് അകത്തും പുറത്തും ചുറ്റുവട്ടത്തും കാമറകൾ സ്ഥാപിക്കുക, കൗണ്ടറുകളുടെ ഷട്ടറുകൾ ആർക്കും തുറക്കാനും അടക്കാനും കഴിയുന്ന സംവിധാനത്തിൽ മാറ്റം വരുത്തുക, കൗണ്ടറിനകത്ത് അലാറം സ്ഥാപിക്കുക തുടങ്ങിയ ക്രമീകരണങ്ങൾ എ.ടി.എം കൗണ്ടറിനകത്ത് സ്ഥാപിക്കാൻ സിറ്റി പൊലീസ് കമ്മിഷണർ യതീശ് ചന്ദ്ര നിർദ്ദേശം നൽകിയിരുന്നു.

ഗ്രാമീണ മേഖലകളിലാണ് കവർച്ച സാദ്ധ്യത കൂടുതലെന്നാണ് പൊലീസ് പറയുന്നത്. രാത്രി കാലങ്ങളിൽ വിജനമായ സ്ഥലങ്ങളിലെ എ.ടി.എമ്മുകളിൽ കയറാൻ പോലും ജനങ്ങൾ മടിക്കുന്നുവെന്ന പരാതിയുമുണ്ട്. ചാവക്കാട്ട് ബീഹാർ സ്വദേശി പിടിയിലായെങ്കിലും കൊരട്ടിയിൽ നിന്ന് പത്തുലക്ഷത്തിലേറെ രൂപ നഷ്ടപ്പെട്ട കേസിൽ പ്രതികളെ ഇനിയും പിടികൂടാനായിട്ടില്ല. എ.ടി.എം കവർച്ച നടത്തിയത് രാജസ്ഥാൻകാരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കോട്ടയത്ത് നിന്നുളള പൊലീസ് സംഘം അന്വേഷണം നടത്തുന്നുണ്ട്. പ്രതികൾ വാഹനം മോഷ്ടിച്ചത് കോട്ടയത്ത് നിന്നാണ്. ഇവരുടെ വിലാസവും ഫോട്ടോയും ലഭിച്ചിട്ടുണ്ട്. രാജസ്ഥാനിൽ തിരഞ്ഞെടുപ്പ് കാരണം അന്വേഷണത്തിന് തടസമുണ്ടെന്നും പൊലീസ് പറയുന്നു. പ്രതികൾ സഞ്ചരിച്ചിരുന്ന കാർ ചാലക്കുടിയിൽ നിന്ന് കണ്ടെത്തിയിരുന്നു. നാട്ടികയിൽ എ.ടി.എം കൗണ്ടർ കുത്തിതുറന്ന് നിരീക്ഷണ കാമറകൾ അടിച്ചുതകർത്ത ശേഷമായിരുന്നു കവർച്ചാശ്രമം. കമ്പിപ്പാര ഉപയോഗിച്ച് എ.ടി.എം കുത്തിത്തുറക്കാൻ ശ്രമിച്ചെങ്കിലും മെഷീൻ തുറക്കാനായില്ല. ഒരാഴ്ചയ്ക്കുള്ളിലായിരുന്നു കൊരട്ടിയിലെ കവർച്ച. പിന്നീട് കിഴക്കുംപാട്ടുകരയിലും എ.ടി.എം കുത്തിത്തുറന്നു. ഏറെനേരം പരിശ്രമിച്ചെങ്കിലും മെഷീൻ തുറക്കാനാകാതെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. 36 മണിക്കൂറിനുളളിൽ കാസർകോട്, കോട്ടയം സ്വദേശികളായ രണ്ടുപേർ അറസ്റ്റിലാകുകയും ചെയ്തു.


കമ്മിഷണറുടെ യോഗം ഉടൻ

എ.ടി.എമ്മുകളിൽ കവർച്ചയും കവർച്ചാശ്രമവും വർദ്ധിച്ചുവരുന്നതിനാൽ കർശന സുരക്ഷയൊരുക്കാൻ ബാങ്ക് മാനേജർമാരുടെയും പ്രതിനിധികളുടെയും അടിയന്തര യോഗം സിറ്റി പൊലീസ് കമ്മിഷണർ യതീശ് ചന്ദ്രയുടെ അദ്ധ്യക്ഷതയിൽ ഉടൻ നടക്കും. ഇന്നലെയാണ് യോഗം നിശ്ചയിച്ചിരുന്നതെങ്കിലും കമ്മിഷണർ സ്ഥലത്തില്ലാത്തതിനാൽ നടത്താനായില്ല. ബാങ്കുകൾക്ക് യോഗം സംബന്ധിച്ച് നോട്ടീസ് കൊടുത്തിട്ടുണ്ട്.