തൃശൂർ: എൽ.ഡി.എഫ് ധാരണയനുസരിച്ച് മേയർ അജിത ജയരാജൻ 17ന് സ്ഥാനമൊഴിയും. അടുത്ത ഒരു വർഷം മേയർ സ്ഥാനം സി.പി.ഐക്കാണ്. അജിത വിജയൻ മേയറായി തെരഞ്ഞെടുക്കപ്പെടാനാണ് സാദ്ധ്യത. ഒരു വർഷത്തിന് ശേഷം സി.പി.ഐ മേയർ സ്ഥാനം സി.പി.എമ്മിന് തന്നെ തിരിച്ചു നൽകണമെന്നാണ് ധാരണ. കഴിഞ്ഞ ദിവസം ചേർന്ന എൽ.ഡി.എഫ് യോഗമാണ് രാജി തീരുമാനമെടുത്തത്. ഡെപ്യൂട്ടി മേയർ സ്ഥാനത്തിനും കരുനീക്കം ശക്തമാണ്. അവസാനവർഷം മേയർ സ്ഥാനത്തിന് ജനതാദളും (എസ്) അവകാശവാദം ഉന്നയിച്ചെങ്കിലും ചർച്ചയുണ്ടായില്ല.
2013 നവംബർ 18നായിരുന്നു മേയർ അജിത ജയരാജൻ സ്ഥാനമേറ്റതെങ്കിലും നവംബർ 18ന് ഞായറാഴ്ചയായതിനാൽ 17ന് തന്നെ സ്ഥാനമൊഴിയാൻ തീരുമാനിക്കുകയായിരുന്നു. സി.പി.ഐ ഡെപ്യൂട്ടി മേയർ ബീന മുരളിയും സ്ഥാനമൊഴിയും. മേയറും ഡെപ്യൂട്ടി മേയറും ഒന്നിച്ച് സ്ഥാനമൊഴിയണമെന്ന ആവശ്യം സി.പി.എം ഉന്നയിച്ചെങ്കിലും സി.പി.ഐ വഴങ്ങിയില്ല. ധാരണയനുസരിച്ച് വർഗ്ഗീസ് കണ്ടംകുളത്തി രണ്ട് വർഷകാലാവധി പൂർത്തിയാക്കി സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് ബീന മുരളി സ്ഥാനമേറ്റത് ഡിസംബറിലായിരുന്നു. ഒരു വർഷക്കാലാവധി പൂർത്തിയാകുന്നത് ഡിസംബറിലായതിനാൽ അതിന് ശേഷമേ സ്ഥാനമൊഴിയാനാകൂ എന്ന നിലപാട് സി.പി.ഐ സ്വീകരിച്ചു.
മേയർ അജിത ജയരാജൻ രാജിവയ്ക്കുമ്പോൾ, ബീന മുരളി മേയർ ഇൻ ചാർജായി തുടരും. ഡെപ്യൂട്ടി മേയർ സ്ഥാനം ധാരണയനുസരിച്ച് അടുത്ത രണ്ട് വർഷം സി.പി.എമ്മിന് അവകാശപ്പെട്ടതാണ്. അതിൽ ആദ്യവർഷം എൽ.ഡി.എഫിലേക്ക് കൂറുമാറിയ സ്വതന്ത്രാംഗം റാഫി ജോസിന് (കുട്ടി റാഫി) സി.പി.എം നേതൃത്വം വാഗ്ദാനം ചെയ്തിരുന്നതാണ്. കോൺഗ്രസ് വിമതനായി ജയിച്ച് യു.ഡി.എഫ് പക്ഷത്ത് ചേർന്ന കുട്ടിറാഫി എതാനും മാസമായി യു.ഡി.എഫ് വിട്ട് സ്വതന്ത്രനിലപാടിലായിരുന്നു. കഴിഞ്ഞയാഴ്ചയാണ് എൽ.ഡി.എഫ് പ്രവേശനം പ്രഖ്യാപിച്ചത്. കുട്ടിറാഫിയുടെ വരവോടെ 55 അംഗ കൗൺസിലിൽ എൽ.ഡി.എഫ് പിന്തുണ 27 ആയി. ഭൂരിപക്ഷത്തിന് ഒരംഗത്തിനെ മാത്രം കുറവ്. പ്രതിപക്ഷത്ത് കോൺഗ്രസിന് 22ഉം ബി.ജെ.പിക്ക് ആറും അംഗങ്ങളാണ്. അതിനിടെ മുൻ ഡെപ്യൂട്ടി മേയർ വർഗ്ഗീസ് കണ്ടംകുളത്തി തന്നെ ഡെപ്യൂട്ടി മേയറായി തിരിച്ചുവരണമെന്ന അഭിപ്രായവും സി.പി.എം നേതൃത്വത്തിൽ ശക്തമാണ്.