തൃപ്രയാർ: സംസ്ഥാന സ്‌കൂൾ കായികമേളയിൽ ജേതാക്കളായ നാട്ടിക സ്‌പോർട്‌സ് അക്കാഡമിയിലെ കായിക താരങ്ങളെ നാട്ടിക പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. മെഡൽ ജേതാക്കളായ ആൻസി സോജൻ, പി. എ അതുല്യ, ഇ. എസ്. ശിവപ്രിയ, കെ. പി. അശ്വതി, പി. എസ്. സൂര്യ, കെ. ആർ. വിസ്മയ, പി. എസ്. ആര്യ എന്നിവരാണ് ആദരിക്കപ്പെട്ടത്. പഞ്ചായത്ത് പ്രഡിഡന്റ് പി. വിനുവിന്റെ നേതൃത്വത്തിൽ ഭരണസമിതി അംഗങ്ങൾ നാട്ടിക ഫിഷറീസ് സ്‌കൂൾ ഗ്രൗണ്ടിലെത്തിയാണ് താരങ്ങളെ അനുമോദിച്ചത്. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. എം സിദ്ധിഖ്, വാർഡംഗം ലളിത മോഹൻദാസ്, ഫിഷറീസ് സ്‌കൂൾ മാതൃസംഗമം പ്രസിഡന്റ് ഹേമ പ്രേമൻ, നാട്ടിക സ്‌പോർട്‌സ് അക്കാഡമി ചെയർമാൻ ബി. കെ. ജനാർദ്ദനൻ, പരിശീലകൻ കണ്ണൻ മാസ്റ്റർ, പി. കെ നസീമുദ്ദീൻ, ഇ. ടി. സോജൻ എന്നിവർ സംബന്ധിച്ചു. പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്‌പോർട്‌സ് അക്കാഡമിയിലേക്ക് സ്‌പോർട്‌സ് ഉപകരണങ്ങൾ വാങ്ങാൻ ധനസഹായം നൽകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി. വിനു പറഞ്ഞു.