പാവറട്ടി: മരുതയൂർ കവലയിൽ പൊലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തം. തീരദേശ മേഖലയായ ഇവിടം ലഹരിയുടെ പിടിയിൽ അമരുന്നുവെന്നാണ് ആക്ഷേപം. പാവറട്ടി, പാങ്ങ്, പാടൂർ, ഒരുമനയൂർ, ചേറ്റുവ, ചാവക്കാട്, ചക്കംകണ്ടം, ഗുരുവായൂർ എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന എളുപ്പവഴിയാണ് മരുതയൂർ കവല.

കവലയുടെ ഇരുഭാഗത്തുമുള്ള സ്ഥലങ്ങൾ കുണ്ടുവക്കടവ് പാലം വന്നതോടെയാണ് കൂടുതൽ ജനസഞ്ചയമായത്. ഈ പ്രദേശങ്ങളിലെ പ്രധാന റോഡ് ബി.എം ആൻഡ് ബി.സിയാക്കിയതോടെ വാഹനത്തിരക്കേറി. പുറത്ത് നിന്നുള്ളവരുടെ വരവ് ക്രമാതീതമായി ഉയർന്നതോടെ ലഹരിയുടെ ഉപയോഗവും വർദ്ധിക്കുന്നുണ്ടെന്നാണ് പരാതി. വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് പ്രധാനമായും ലഹരി റാക്കറ്റുകൾ പ്രവർത്തിക്കുന്നത്.

നാല് ഹയർ സെക്കൻഡറികൾ, വി.എച്ച്.എസ്.സി, നാല് ഹൈസ്കൂൾ, പത്തോളം എൽ.പി സ്‌കൂളുകൾ, ഏഴ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, 15 മദ്രസ്സകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളും വിവിധ മതസ്ഥരുടെ ആരാധനാലയങ്ങളും കൊണ്ട് സമ്പന്നമായ പ്രദേശത്തെ ലഹരിമാഫിയയുടെ സാന്നിദ്ധ്യം ഭയത്തോടെയാണ് പൊതുജനം കാണുന്നത്.

ഹർത്താലോ അക്രമങ്ങളോ ഉണ്ടായാൽ കവലയിൽ പൊലീസ് ക്യാമ്പ് ചെയ്യാറുണ്ട്. സമാനരീതിയിൽ ഇവിടെ പൊലീസ് ഔട്ട്‌പോസ്റ്റ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്. അതോടൊപ്പം പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും ഗൗരവമായി എടുത്തില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് സാമൂഹിക പ്രവർത്തകരുടെയും രക്ഷിതാക്കളുടെയും ആശങ്ക.

 സ്വൈര്യവിഹാരം

ലഹരി ഉപയോഗിക്കുന്ന വിദ്യാർത്ഥികളെ പിടികൂടിയപ്പോൾ കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങൾ. ലഹരി ഉപയോഗിക്കുന്ന വിദ്യാർത്ഥികൾക്ക് കൃത്യമായ പരിശീലനവും ലഭിക്കുന്നുണ്ടത്രെ. ലഹരി ഉപയോഗവും വിൽപ്പനയും നടത്തുന്ന വിദ്യാർത്ഥികളെ തിരിച്ചറിയാതിരിക്കാൻ ഇവരെ മാന്യമായ പെരുമാറ്റം പരിശീലിപ്പിക്കുന്നതാണത്രെ രീതി. രാത്രി 11ന് തീരദേശ മേഖലയിലൂടെ സഞ്ചരിച്ചാൽ സ്‌കൂൾ വിദ്യാർത്ഥികൾ കൂട്ടമായി നടക്കുന്നത് കാണാം. അന്യസംസ്ഥാന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്നതും ഇവിടെയാണ്. ഇവിടമാണ് ലഹരിവിൽപ്പനയും ഉപയോഗവും പൊടിപൊടിക്കുന്നത്.

തിരിച്ചറിയാതിരിക്കാനുള്ള പരിശീലനം

 ആരാധനാലയങ്ങളിൽ ചെന്നാൽ മുൻപന്തിയിൽ നിൽക്കുക

 മുതിർന്നവരെ കണ്ടാൽ എഴുന്നേറ്റ് നിൽക്കുക

 സദസ്സിൽ ചെന്നാൽ മുതിർന്നവരെ ബഹുമാനിക്കുക

 ലഹരിമൂലം കണ്ണ് ചുവക്കുന്നുണ്ടെങ്കിൽ സുറുമയിടുക