ഗുരുവായൂർ: നഗരസഭയിലെ ടൗൺ ഹാളിന്റെയും കമ്യൂണിറ്റി ഹാളിന്റെയും വാടക വർദ്ധിപ്പിച്ചതിലെ കോൺഗ്രസ് പ്രതിഷേധം കപട നാടകമെന്ന് ആരോപണം. വാടക വർദ്ധനവ് ചർച്ച ചെയ്യാൻ വിളിച്ച ധനകാര്യ കമ്മിറ്റിയിൽ അംഗങ്ങളായ മൂന്ന് കോൺഗ്രസുകാരും ഒരു വിയോജിപ്പും രേഖപ്പെടുത്തിയിരുന്നില്ലെന്ന തെളിവുകൾ പുറത്തുവന്നു.
വാടക വർദ്ധന ചർച്ച ചെയ്ത ധനകാര്യ കമ്മിറ്റിയിൽ ആറ് അംഗങ്ങളാണ് പങ്കെടുത്തിരുന്നത്. ഇതിൽ പ്രതിപക്ഷ നേതാവ് എ.പി. ബാബു, തൈക്കാട് മണ്ഡലം പ്രസിഡന്റ് കൂടിയായ ജോയ് ചെറിയാൻ, പി.എസ്. പ്രസാദ് എന്നിവർ കോൺഗ്രസ് അംഗങ്ങളാണ്. ഇവർ എതിർക്കുകയോ, വിയോജിപ്പ് രേഖപ്പെടുത്തുകയോ ചെയ്തിരുന്നെങ്കിൽ ധനകാര്യ കമ്മിറ്റിയെ മറികടന്ന് മാത്രമേ വർദ്ധനവിന്റെ വിഷയം കൗൺസിലിൽ കൊണ്ടുവരാൻ കഴിയുമായിരുന്നുള്ളു.
എന്നാൽ ഇവിടെ സി.പി.എമ്മുമായി ഒത്തുകളിച്ച കോൺഗ്രസുകാർ ഒരു വിയോജിപ്പും കൂടാതെ വിഷയം കൗൺസിൽ പരിഗണനയ്ക്ക് സമർപ്പിക്കാൻ തീരുമാനിച്ചു. എ.പി. ബാബു, ജോയ് ചെറിയാൻ, പി.എസ്. പ്രസാദ് എന്നിവർ ഒപ്പിട്ട മിനിറ്റ്‌സ് രേഖകൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ വർദ്ധനയ്ക്കുള്ള ഒത്താശ ചെയ്തവർ പിന്നീട് കൗൺസിലിൽ വർദ്ധനവിന് എതിരാണ് തങ്ങൾ എന്ന് വരുത്താൻ ശ്രമിക്കുകയും ചെയ്തു.
ഒരു വോട്ടിന്റെ മാത്രം ഭൂരിപക്ഷമുള്ള ഭരണകക്ഷിക്ക് വോട്ടിംഗ് നടത്തിയാലുള്ള പ്രതിസന്ധി ഒഴിവാക്കാൻ ഇവർ ഇറങ്ങിപ്പോക്ക് നടത്തുകയും ചെയ്തു. എന്നാൽ കോൺഗ്രസിലെ ഒരു വിഭാഗം ഇറങ്ങിപ്പോക്കിൽ പങ്കെടുത്തില്ല. എന്നാൽ പ്രതിപക്ഷം രണ്ടായി മാറിയതോടെ സി.പി.എം എളുപ്പത്തിൽ വാടക വർദ്ധനവിന് തീരുമാനമെടുത്തു. ധനകാര്യ കമ്മിറ്റിയിൽ മിണ്ടാതിരുന്ന് കൗൺസിലിൽ ബഹളം വെച്ചത് മുഖം രക്ഷിക്കാനുള്ള നാടകമായിരുന്നു എന്ന ആരോപണവുമായി കോൺഗ്രസിലെ തന്നെ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്.
നാടകാന്ത്യം, കലാപം
ധനകാര്യ കമ്മിറ്റിയിൽ ചർച്ചയ്ക്കുണ്ടായത് ആറ് പേർ, ഇവരിൽ മൂന്ന് പേർ കോൺഗ്രസ് പ്രതിനിധികൾ
എ.പി. ബാബു, ജോയ് ചെറിയാൻ, പി.എസ്. പ്രസാദ് എന്നിവർ ധനകാര്യകമ്മിറ്റിയിലെ കോൺ. അംഗങ്ങൾ
കോൺഗ്രസ് അംഗങ്ങൾ വിയോജിപ്പ് രേഖപ്പെടുത്തിയില്ല, മിനുട്സ് രേഖകൾ പുറത്തുവന്നു
ധനകാര്യ കമ്മിറ്റി അംഗീകരിച്ചില്ലെങ്കിൽ വിഷയം കൗൺസിൽ പരിഗണനയ്ക്ക് എത്തുമായിരുന്നില്ല
കൗൺസിലിലെ ബഹളവും ഇറങ്ങിപ്പോക്കും കപടനാടകമെന്ന്, കോൺഗ്രസിൽ ഭിന്നത