ചാലക്കുടി: ചാലക്കുടിയിലെ കോടതി സമുച്ചയ നിർമ്മാണം അനശ്ചിതാവസ്ഥയിൽ. ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പൊളിച്ച് പുതിയ കെട്ടിട സമുച്ചയം നിർമ്മിക്കാനുള്ള നടപടികളാണ് സ്തംഭനാവസ്ഥയിലായത്. മൂന്നുനില കെട്ടിടം നിർമ്മിക്കാനുള്ള എസ്റ്റിമേറ്റായിരുന്നു ഹൈക്കോടതിയുടെ പൊതുമരാമത്ത് വിഭാഗം തയ്യാറാക്കി സംസ്ഥാന സർക്കാരിന് സമർപ്പിച്ചിരുന്നത്.
എന്നാൽ സുപ്രീം കോടതിയുടെ പുതിയ മാർഗ നിദ്ദേശത്തിൽ പുതിയ കെട്ടിടങ്ങൾ ഏഴു നിലകളിലായിരിക്കണം. ഇതോടെയാണ് മൂന്നുനില കെട്ടിടത്തിന്റെ എസ്റ്റിമേറ്റ് പാഴായത്. ഇനി പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കി സർക്കാരിന് സമർപ്പിക്കണം. സംസ്ഥാന ബഡ്ജറ്റിൽ കോടതി സമുച്ചയത്തിനായി 10 കോടി രൂപയാണ് വകയിരുത്തിയത്. ഏഴുനില കെട്ടിടമാകുമ്പോൾ തുകയിലും കാര്യമായ മാറ്റം വരും.
പഴയ മജിസ്‌ട്രേറ്റ് കോടതി, കോടതി ക്വാർട്ടേഴ്‌സ് എന്നിവ നിലനിന്നിരുന്ന 43 സെന്റ് സ്ഥലത്താണ് പുതിയ കോടതി സമുച്ചയം നിർമ്മിക്കുന്നത്. നഗരസഭാ ലൈബ്രറി കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മുൻസിഫ് കോടതി പുതിയ കെട്ടിടത്തിലേക്ക് മാറ്റാനാണ് തീരുമാനം. ഇതിനു പുറമെ പുതിയ സബ് കോടതിയും ഇവിടേക്ക് കൊണ്ടുവരാനുള്ള നീക്കം നടക്കുന്നുണ്ട്. മജിസ്‌ട്രേറ്റ് കോടതിയുടെ പഴയ കെട്ടിടവും ക്വാർട്ടേഴ്‌സും ഇതിനിടെ പൊളിച്ചു മാറ്റുകയും ചെയ്തു.
മാർഗനിർദേശം വിനായായി
സംസ്ഥാന സർക്കാരിന് ആദ്യം സമർപ്പിച്ചത് മൂന്നുനില കെട്ടിടത്തിന്റെ എസ്റ്റിമേറ്റ്
സുപ്രീം കോടതിയുടെ നിർദേശപ്രകാരം പുതിയ കെട്ടിടങ്ങൾ ഏഴുനിലയിലാകണം
നിർമ്മാണത്തിനായി ബഡ്ജറ്റിൽ വകയിരുത്തിയ 10 കോടിയെന്നത് ഉയർത്തണം
പുതിയ കോടതി സമുച്ചയം 43 സെന്റ് സ്ഥലത്ത്, മുൻസിഫ് കോടതിയും ഇവിടേക്കാക്കും
കുടുംബ കോടതി, എം.എ.സി.ടി ക്യാമ്പ് സിറ്റിംഗിന് പകരം സ്ഥിരം സംവിധാനം വരും