കൊടുങ്ങല്ലൂർ: കൊച്ചിൻ ദേവസ്വം ബോർഡ് റിക്രൂട്ട്‌മെന്റ് ബോർഡിലേക്ക് അപേക്ഷ സമർപ്പിക്കാൻ കണ്ണൻ ശാന്തി നടത്തിയ നെട്ടോട്ടം വൃഥാവിലായില്ല. പതിനൊന്നാം റാങ്കോടെ ഇദ്ദേഹം കൊച്ചിൻ ദേവസ്വം ബോർഡിന്റെ ശാന്തിമാരുടെ റാങ്ക് ലിസ്റ്റിൽ ഇടമുറപ്പിച്ചു. കണ്ണൻ ശാന്തിക്ക് പുറമേ പുല്ലൂറ്റ് സ്വദേശി പി.എസ് സതീഷ് ശാന്തിയും റാങ്ക് ലിസ്റ്റിൽ ഇടമുറപ്പിച്ചു. കുഡുംബി സമുദായത്തിൽ നിന്നുള്ള ബോർഡിലെ ആദ്യ ശാന്തിക്കാരനായിട്ടുള്ള സതീഷ് ശാന്തി ആറാം റാങ്കോടെയാണ് ലിസ്റ്റിൽ ഇടമുറപ്പിച്ചത്.

തിരുവനന്തപുരം വരെ നേരിട്ടെത്തിയാണ് കണ്ണൻ ശാന്തി, അപേക്ഷ സമർപ്പിച്ചത്. വിജ്ഞാപനത്തെ കുറിച്ച് അറിയാൻ വൈകിയതും ബന്ധപ്പെട്ട രേഖകൾ ലഭ്യമാക്കുന്നതിലുണ്ടായ കാല താമസവുമൊക്കെ നിശ്ചിത സമയത്തിനകം അപേക്ഷ നൽകുന്നതിന് വിലങ്ങുതടിയായി. അപേക്ഷ സ്വീകരിക്കാൻ നിശ്ചയിച്ചിരുന്ന സമയം അവസാനിക്കുന്നതിന് അൽപ്പം മുമ്പാണ് വല്ല വിധേനയും തിരുവനന്തപുരത്തെത്തി, ഇദ്ദേഹം തന്റെ അപേക്ഷ ബോർഡ് ആസ്ഥാനത്തെത്തിച്ചത്. അഞ്ചാം ക്‌ളാസ് മുതൽ വൈദികവൃത്തിയിലേക്കെത്തിയ കണ്ണൻശാന്തി ബ്രഹ്മശ്രീ തിലകൻ തന്ത്രികളുടെ ശിഷ്യരിൽ ഒരാളും തുടർച്ചയായി മൂന്ന് വട്ടം ബ്രഹ്മശ്രീ കോരു ആശാൻ വൈദിക സംഘത്തിന്റെ ഖജാൻജിയുമായിരുന്നു. നിലവിൽ ശ്രീനാരായണ വൈദിക സമിതിയുടെ താലൂക്ക് സെക്രട്ടറിയാണ്. ആല, കോതപറമ്പിലെ പുത്തൻകാട്ടിൽ കുടുംബാംഗമവും പരേതനായ ചാത്തുണ്ണിയുടെയും ചന്ദ്രമതിയുടെയും മകനുമാണ്.