gireesan-krishi
ഗിരീശൻ കൃഷിയിടത്തിൽ

മാള: പ്രളയം ചതിച്ചില്ല, എന്നും എല്ലായ്പ്പോഴും കൃഷിയും വിളവെടുപ്പുമായി ഗിരീശൻ കാർഷിക രംഗത്ത് സജീവം. ഒരു ഭാഗത്ത് കൃഷിയിറക്കുമ്പോൾ മറുഭാഗത്ത് വിളവെടുക്കുന്ന രീതിയിലാണ് ഈ കർഷകന്റെ കാർഷിക കലണ്ടർ ഒരുക്കിയിട്ടുള്ളത്. നാട്ടിക ശ്രീനാരായണ കോളേജിലെ ലാബ് അസിസ്റ്റന്റായ പൂപ്പത്തി സ്വദേശി ചുണ്ടങ്ങാപ്പറമ്പിൽ സി.എൻ. ഗിരീശൻ ഒഴിവുള്ളപ്പോഴെല്ലാം കൃഷിയിടത്തിലാണ്. ഒരു ദിവസം ശരാശരി അഞ്ച് വാഴകളെങ്കിലും കൃഷി ചെയ്യുന്ന ഗിരീശൻ മറുഭാഗത്ത് അത്രയും തന്നെ വിളവെടുക്കും.

പൂപ്പത്തിയിലും പരിസരപ്രദേശങ്ങളിലുമായി പാട്ടത്തിനെടുത്ത സ്ഥലത്ത് പല പ്രായത്തിലുമുള്ള 1500 ഏത്തവാഴകളാണുള്ളത്. നാടൻ ഇനത്തിലുള്ള ഈ വാഴകളെല്ലാം സ്വന്തമായി കൃഷി ചെയ്തിട്ടുള്ളതാണ്. അവധി ദിനങ്ങളിൽ പൂർണമായി ഗിരീശനും കുടുംബവും കൃഷിയിടത്തിൽ ചെലവഴിക്കും. ഏത്തവാഴ കൂടാതെ ചേമ്പ്, ഇഞ്ചി, മഞ്ഞൾ, പച്ചമുളക്, കപ്പ, നെൽക്കൃഷി തുടങ്ങിയവയും കൃഷി ചെയ്യുന്നുണ്ട്. എന്നും കൃഷിയിറക്കലും വിളവെടുപ്പും നടത്തുന്നതിനാൽ വിപണി വിലയിലുള്ള ഏറ്റക്കുറച്ചിലുകൾ ബാധിക്കില്ലെന്ന് ഗിരീശൻ പറഞ്ഞു. കഴിഞ്ഞ ആറ് വർഷങ്ങളായി മികച്ച രീതിയിൽ കൃഷി ചെയ്യുന്ന ഗിരീശന് നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. പ്രധാനമായും നാട്ടിലെ വിപണി അടിസ്ഥാനമാക്കിയാണ് കൃഷിയിറക്കുന്നത്. അദ്ധ്യാപികയായ ഭാര്യ ഷീബയും മക്കളും കൃഷിയിടത്തിലെ സഹായികളാണ്.

ഗിരീശന്റെ കൃഷിരീതി കാർഷിക മേഖലയിൽ വേറിട്ട മാതൃകയാണ് നൽകുന്നത്. എല്ലാ ദിവസവും കൃഷിയിറക്കലും വിളവെടുപ്പും നടത്തുന്ന ഗിരീശന് ജോലിക്കിടയിൽ മറ്റൊരു വരുമാനവും മാനസിക ഉല്ലാസവും ശാരീരിക ആരോഗ്യവും നേടിത്തരുന്നുണ്ട്.