തൃശൂർ: തദ്ദേശസ്ഥാപനങ്ങൾക്ക് ഹൈക്കോടതി നൽകിയ സമയപരിധി കഴിഞ്ഞിട്ടും പൊതുനിരത്ത് കൈയടക്കി അനധികൃതമായി സ്ഥാപിച്ച ഫ്‌ളക്‌സ് ബോർഡുകളും ബാനറുകളും. തദ്ദേശസ്ഥാപനങ്ങളുടെ അഭാവത്തിൽ പ്രിന്റിംഗ്, പരസ്യ മേഖലയുമായി ബന്ധപ്പെട്ട സംഘടനകൾ ബോർഡുകൾ നീക്കം ചെയ്യാനിറങ്ങിയെങ്കിലും പൂർണമായി ഇവ നീക്കാനായില്ല. രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും പരസ്യബോർഡുകളാണ് അവശേഷിക്കുന്നവയിലേറെയും.

രാഷ്ട്രീയ പാർട്ടികളുടെ കൊടികൾ നീക്കം ചെയ്താൽ അണികളുടെയോ നേതാക്കളുടെയോ അപ്രീതിക്ക് പാത്രമാകുമെന്ന ഭയത്തിലാണ് തദ്ദേശസ്ഥാപന സെക്രട്ടറിമാർ. പലയിടത്തും കൊടികൾ സ്ഥാപിച്ചിരിക്കുന്നത് കോൺക്രീറ്റ് ഇട്ട് ഉറപ്പിച്ചായതിനാൽ പെട്ടെന്ന് ഇളക്കിമാറ്റാനോ നശിപ്പിക്കാനോ കഴിയുകയുമില്ല. മാത്രമല്ല, തദ്ദേശസ്ഥാപനം ഭരിക്കുന്ന പാർട്ടിയുടെ കൊടിയാണെങ്കിൽ അതു നീക്കം ചെയ്യാനും ഉദ്യോഗസ്ഥർ വിഷമിക്കും. തൃശൂർ നഗരത്തിലും നാട്ടിൻപുറങ്ങളിലെ ടൗണുകളിലും സ്ഥാപിച്ച ബോർഡുകളിൽ ചിലത് ഇപ്പോഴും പാതയോരത്തുണ്ട്. ബോർഡുകൾ നീക്കം ചെയ്യാനിറങ്ങിയവർ ഇത്തരം ബോർഡുകൾ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.

പലകുറി പത്രവാർത്ത നൽകിയതല്ലാതെ, പൊതുനിരത്തിലിറങ്ങി നടപടി സ്വീകരിക്കാൻ പല തദ്ദേശസ്ഥാപനങ്ങളുടെ ഉദ്യോഗസ്ഥരും താൽപ്പര്യമെടുക്കാത്തതും വിനയായി. ഒക്ടോബർ 30ന് ശേഷം പാതയോരങ്ങളിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോർഡുകളും ബാനറുകളും കൊടികളുമെല്ലാം നീക്കം ചെയ്യണമെന്നാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാർക്ക് അഡിഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസിന്റെ നിർദ്ദേശം. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു നിർദ്ദേശം.

സമയപരിധിക്കുശേഷം ബോർഡുകളും ബാനറുകളുമെല്ലാം നിലനിന്നാൽ ഉത്തരവാദിത്വം അതത് തദേശസ്ഥാപനത്തിന്റെ സെക്രട്ടറിക്കും ഫീൽഡ് സ്റ്റാഫിനുമായിരിക്കുമെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. പിന്നീട് ബോർഡ് നീക്കം ചെയ്യുന്നതിന് വേണ്ടിവരുന്ന ചെലവും ബോർഡ് സ്ഥാപിച്ചവർ അടയ്‌ക്കേണ്ട പിഴയും ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അനധികൃത ബോർഡുകൾക്കെതിരെ പൊതുജനങ്ങൾക്ക് പരാതി നൽകാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

ഓട്ടത്തിലാണ്...

ഗ്രാമങ്ങളിലും നഗരങ്ങളിലുമുള്ള തദ്ദേശസ്ഥാപന സെക്രട്ടറിമാരിൽ പലരും ഇന്നലെ പാതയോരങ്ങളിലെ ബോർഡുകളും ബാനറുകളും നീക്കം ചെയ്യുന്ന ജോലികൾക്ക് നേതൃത്വം നൽകാൻ രംഗത്തിറങ്ങി. രാഷ്ട്രീയ പാർട്ടികളുടെ കൊടികളുടെ കാര്യത്തിലായിരുന്നു ഇവരിൽ പലർക്കും ആശങ്ക. വരും ദിവസങ്ങളിൽ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത ശേഷം ഇവ നീക്കം ചെയ്യാമെന്ന നിലപാടിലാണ് ഉദ്യോഗസ്ഥർ.