തൃശൂർ: കോർപറേഷൻ ഡെപ്യൂട്ടി മേയർ സ്ഥാനം വീണ്ടും കൈക്കലാക്കാൻ വർഗീസ് കണ്ടംകുളത്തി നടത്തുന്ന നീക്കത്തിനെതിരെ യുവ കൗൺസിലർമാർക്കിടയിൽ പ്രതിഷേധം പുകയുന്നു. യുവ കൗൺസിലരിൽ ഒരാളായ അനൂപ് ഡേവിസ് കാടയെ ഡെപ്യൂട്ടി മേയറാക്കണമെന്നാണ് ചിലരുടെ ആവശ്യം. വർഗീസ് കണ്ടംകുളത്തിയുടെ ഒപ്പം നിന്ന് പ്രവർത്തിക്കുന്നതിനാൽ ഇക്കാര്യം നേരിട്ട് ആവശ്യപ്പെടാൻ കഴിയാത്തതിനാൽ മറ്റു ചില കൗൺസിലർമാർ വഴിയും ഡി.വൈ.എഫ്.ഐ നേതാക്കൾ വഴിയും നേതൃത്വത്തിന് മുന്നിൽ വിഷയം അവതരിപ്പിച്ചു കഴിഞ്ഞു. വർഗീസ് കണ്ടംകുളത്തിയെ വീണ്ടും ഡെപ്യൂട്ടി മേയറാക്കുന്നതിനോട് യുവ കൗൺസിലർമാർക്കിടയിലും എതിർപ്പുണ്ട്. മറ്റുള്ളവർക്ക് അവസരം നൽകണമെന്നാണ് ഇവരുടെ ആവശ്യം.
നവംബർ 17ന് മേയർ അജിത ജയരാജന്റെ കാലാവധി അവസാനിക്കും. നേരത്തെയുള്ള ധാരണ പ്രകാരം സി.പി.ഐയിലെ അജിത വിജയനാണ് മേയറാകുക. നിലവിലുള്ള സി.പി.ഐയിലെ ഡെപ്യൂട്ടി മേയർ ബീന മുരളിയുടെ ഒരു വർഷത്തെ കാലാവധി ഡിസംബറിൽ അവസാനിക്കും. മേയർ മാറുന്നതോടെ ഡെപ്യൂട്ടി മേയറും രാജിവയ്ക്കണമെന്ന സി.പി.എമ്മിന്റെ നിലപാടിനോട് സി.പി.ഐ വഴങ്ങിയിട്ടില്ല. കാലാവധി തീരുന്ന ഡിസംബറിൽ ഡെപ്യൂട്ടി മേയർ സ്ഥാനം ഒഴിയാനാണ് സി.പി.ഐയുടെ തീരുമാനം.
കോൺഗ്രസ് വിമതനായി ജയിച്ച് യു.ഡി.എഫിനൊപ്പം നിൽക്കുകയും പിന്നീട് എൽ.ഡി.എഫിലേക്ക് വരുകയും ചെയ്ത കുട്ടിറാഫിക്ക് ഈ സ്ഥാനം നൽകാനായിരുന്നു സി.പി.എം തീരുമാനം. കുട്ടിറാഫിക്ക് ഡെപ്യൂട്ടി മേയർ സ്ഥാനം നൽകുന്നതിനോടും സി.പി.എമ്മിലെ യുവ കൗൺസിലർമാർക്കിടയിൽ അഭിപ്രായമില്ല.

നേരത്തെ എം.പി. ശ്രീനിവാസനെ പുറത്താക്കി പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം ഏറ്റെടുത്ത് കൗൺസിലിനെ നിയന്ത്രിക്കാമെന്നായിരുന്നു വർഗീസ് കണ്ടംകുളത്തിയുടെ നീക്കം. മുമ്പ് ടാക്‌സ് ആൻഡ് അപ്പീൽ കമ്മിറ്റി ചെയർമാൻ സി.എം.പിയിലെ പി. സുകുമാരനെ ഒഴിവാക്കി ചെയർമാൻ സ്ഥാനം ഏറ്റെടുക്കാൻ ശ്രമം നടത്തിയെങ്കിലും നടന്നില്ല. ശ്രീനിവാസനെ പുറത്താക്കി ആ സ്ഥാനത്തേക്ക് കുട്ടിറാഫിയെ നിയമിച്ച് ഡെപ്യൂട്ടി മേയർ സ്ഥാനം ലഭിക്കാനുള്ള നീക്കങ്ങൾ വർഗീസ് കണ്ടംകുളത്തി നടത്തുന്നുണ്ട്. ധാരണയനുസരിച്ച് അടുത്ത രണ്ടു വർഷം സി.പി.എമ്മിനാണ് ഡെപ്യൂട്ടി മേയർ സ്ഥാനം.

ദുരിതാശ്വാസ നിധിയിലേക്ക് ആളുകളെ കുത്തിപിടിച്ച് തന്നെയാണ് പണം പിരിച്ചതെന്ന വർഗീസ് കണ്ടംകുളത്തിയുടെ പ്രസ്താവന പാർട്ടിക്ക് ദോഷം ചെയ്തുവെന്ന് വിലയിരുത്തലുണ്ട്. ഈ സാഹചര്യത്തിൽ പാർട്ടിയുടെ നിലപാടും ശ്രദ്ധേയമാണ്.