എരുമപ്പെട്ടി: എരുമപ്പെട്ടി പൊലീസ് പൊതുജനങ്ങളെ അറിയിക്കാതെ ജനമൈത്രി പൊലീസ് രൂപീകരിച്ചതായി ആക്ഷേപം. പൊതു പ്രവർത്തകരെയും രാഷ്ട്രീയ, സാംസ്‌കാരിക, മാദ്ധ്യമ മേഖലകളിൽ പ്രവർത്തിക്കുന്നവരെയും ഉൾപ്പെടുത്തിയാണ് ജനമൈത്രി പൊലീസ് രൂപീകരിക്കാറുള്ളത്. എന്നാൽ പത്തോളം പേരെ മാത്രം ഉൾപ്പെടുത്തിയാണ് എരുമപ്പെട്ടിയിൽ ജനമൈത്രി പൊലീസ് കമ്മിറ്റിയുണ്ടാക്കിയിരിക്കുന്നത്. പൊതു രംഗത്ത് സജീവമായി നിൽക്കുന്നവരെ പോലും വിവരം അറിയിച്ചില്ലെന്ന് ആക്ഷേപമുണ്ട്. സ്റ്റേഷനുകളിലെ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ പൊതു ജനങ്ങളെയും മാദ്ധ്യമങ്ങളേയും അറിയിക്കാൻ പി.ആർ.ഒ സംവിധാനം ഉണ്ടെങ്കിലും ഇതും കാര്യക്ഷമമല്ല. മുൻ കാലങ്ങളിൽ പൊതു പ്രവർത്തകരെ ഉൾപ്പെടുത്തി രൂപീകരിച്ച ജനമൈത്രി പൊലീസിന്റെ പ്രവർത്തനം സജീവമായിരുന്നു. എന്നാൽ പൊലീസിന്റെ ഭാഗത്ത് നിന്ന് വേണ്ട രീതിയിലുള്ള ഇടപെടൽ ഉണ്ടാകാതിരുന്നതിനാൽ ഇതും നിലച്ചു. എരുമപ്പെട്ടി പൊലീസിന്റെ ജനമൈത്രി രൂപീകരണം പ്രഹസനം മാത്രമാണെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.