ചാലക്കുടി: പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിന് മാർഗ രേഖയുണ്ടാക്കാൻ ചാലക്കുടി താലൂക്കിലെ റവന്യൂ വിഭാഗം സംഘടിപ്പിച്ച ജനപ്രതിനിധികളുടെ യോഗത്തിൽ ധാരണ. ദുരിതാശ്വാസ ക്യാമ്പുകളിൽ ഇപ്പോഴും കഴിയുന്ന കുടുംബങ്ങളുടെ പുനരധിവാസത്തിന് കോടശേരി, പരിയാരം എന്നിവിടങ്ങളിൽ സ്ഥലം കണ്ടെത്തിയെന്ന് പഞ്ചായത്ത് പ്രസിഡന്റുമാർ യോഗത്തിൽ അറിയിച്ചു.
എന്നാൽ ഇവിടെ മണ്ഡലത്തിലെ ഭവനരഹിതരായ മുഴുവൻ ആളുകളെയും ഉൾക്കൊള്ളാനാകില്ലെന്ന് യോഗം വിലയിരുത്തി. ഇതിനായി മറ്റിടങ്ങളിലും സ്ഥലം കണ്ടെത്തുന്നതിനും യോഗത്തിൽ ധാരണയായി. വെള്ളം കയറിയ കുടുംബങ്ങൾക്കുള്ള സമാശ്വാസ തുകയായ പതിനായിരം രൂപ കിട്ടാത്തവർക്കായി വീണ്ടും താലൂക്ക് ഓഫീസിൽ അപേക്ഷ സ്വീകരിക്കുന്നതിനും തീരുമാനിച്ചു. അർഹതപ്പെട്ടവർ രേഖകൾ സഹിതം എത്രയും വേഗം ഓഫീസിൽ എത്തുന്നതിനും നിർദ്ദേശം നൽകി.
ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിച്ച കേന്ദ്രങ്ങളിലെ അവശ്യ സാധനങ്ങൾക്ക് വാങ്ങിയതിന് പലചരക്ക് കടക്കാർക്ക് കൊടുക്കാനുള്ള പണം കണ്ടെത്തുന്നതിനും യോഗം തീരുമാനെടുത്തു. ലാന്റ് ട്രിബ്യൂണൽ ഡെപ്യൂട്ടി കമ്മിഷണർ രാധാകൃഷ്ണൻ, ഇരിങ്ങാലക്കുട ആർ.ഡി.ഒ: ഡോ. റെജി, അഡീഷണൽ തഹസിൽദാർ രാധാകൃഷ്ണൻ, ഡെപ്യൂട്ടി തഹസിദാർ ആന്റോ ജേക്കബ്ബ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം.
ചാലക്കുടി നഗരസഭാ വൈസ് ചെയർമാൻ വിൽസൺ പാണാട്ടുപറമ്പിൽ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി. ബാബു, കുമാരി ബാലൻ, ഉഷ ശശിധരൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
യോഗത്തിൽ
പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ മാർഗരേഖയുണ്ടാക്കും
പുനരധിവാസത്തിന് സ്ഥലം കണ്ടെത്തിയത് കോടശ്ശേരി, പരിയാരം എന്നിവിടങ്ങളിൽ
പ്രളയദുരന്തത്തിൽപ്പെട്ടവർക്കുള്ള പതിനായിരം രൂപ കിട്ടാത്തവർക്ക് വീണ്ടും അപേക്ഷിക്കാം
ക്യാമ്പുകളിലേക്ക് പലചരക്ക് വാങ്ങിയ തുക കണ്ടെത്താനും യോഗത്തിൽ ധാരണ