ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട എം.എൽ.എ കെ.യു അരുണന്റെ തിരുവനന്തപുരത്തെ ഹോസ്റ്റൽ മുറിയിൽ വച്ച് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ച ഡി.വൈ.എഫ്.ഐ നേതാവ് ജീവൻലാലിന്റെ അറസ്റ്റ് പൊലീസ് മനഃപൂർവ്വം വൈകിപ്പിക്കുന്നതായി പെൺകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. പാർട്ടിയുടെ സമ്മർദ്ദം മൂലമാണ് അറസ്റ്റ് വൈകുന്നതെന്ന് പൊലീസ് തന്നോട് പറഞ്ഞതായും പെൺകുട്ടി വെളിപ്പെടുത്തി.
ആദ്യം പാർട്ടിക്കും പിന്നീട് ഡി.വൈ.എഫ്.ഐ നേതാവ് എം. സ്വരാജിനും പരാതി നൽകിയിരുന്നു. നീതിക്കായി മുഖ്യമന്ത്രിക്കും പരാതി നൽകും. എത്രയും വേഗം തനിക്ക് നീതി ലഭിക്കണമെന്നും പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും പെൺകുട്ടി ആവശ്യപ്പെട്ടു. സെപ്‌റ്റംബർ നാലിനാണ് ഇരിങ്ങാലക്കുട ഡിവൈ.എസ്.പിക്ക് പരാതി നൽകിയത്. സംഭവം നടന്ന എം.എൽ.എ ഹോസ്റ്റൽ ഉൾപ്പെടുന്ന തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്‌റ്റേഷനിലേക്ക് കേസ് കൈമാറി. സെപ്തംബർ 11 ന് മ്യൂസിയം പൊലീസിലും ഒക്ടോബർ 9 ന് മജിസ്‌ട്രേറ്റിനും മൊഴി നൽകി. ഇതിനിടെ ജീവൻലാലിന്റെ മുൻകൂർ ജാമ്യാപേക്ഷ വഞ്ചിയൂർ കോടതി തള്ളി. അതോടെ വീണ്ടും പൊലീസുമായി ബന്ധപ്പെട്ടെങ്കിലും പാർട്ടി നേതാവല്ലേ അറസ്റ്റ് പതുക്കെയേ ഉണ്ടാകൂ എന്ന മറുപടിയാണ് ലഭിച്ചത്.
പ്രതി നാട്ടിൽ വിഹരിക്കുകയാണ്. സർക്കാരിന്റെ സ്വാധീനം ഉപയോഗിച്ച് കേസ് ഒതുക്കാൻ ശ്രമിക്കുകയാണ്. സി.പി.എം പ്രാദേശിക നേതാവ് ശ്രീവത്സൻ തന്നെ വീട്ടിൽ വന്ന് ഭീഷണിപ്പെടുത്തി. ഇനി ഡി.വൈ.എഫ്.ഐയിൽ പ്രവർത്തിക്കാൻ താത്പര്യമില്ലെന്നും പെൺകുട്ടി പറഞ്ഞു.